പീഡനവിവാദത്തിൽ നടപടി നേരിട്ട പി. ശശിയും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ
|സ്ത്രീവിരുദ്ധതയുടെ പ്രതീകമായ ആളെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ കൊണ്ടുവന്നവർ എങ്ങനെയാണ് കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കുകയെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ
പീഡനവിവാദത്തിൽ മുമ്പ് നടപടി നേരിട്ട സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ. സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ മൂന്നാം തവണയും തുടരുന്ന കമ്മിറ്റിയിലാണ് ശശിക്ക് അംഗത്വം ലഭിച്ചിരിക്കുന്നത്. അതേസമയം, പി ശശിക്കെതിരെ നടപടിയെടുത്തത് നിങ്ങൾ ഉദ്യേശിച്ച കാര്യത്തിനല്ലെന്നായിരുന്നു സെക്രട്ടറി കോടിയേരി മറുപടി പറഞ്ഞത്. അദ്ദേഹം നേരിട്ട് സംസ്ഥാന കമ്മിറ്റിയിൽ എത്തിയതല്ലെന്നും ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിച്ചാണ് വരുന്നതെന്നും തെറ്റ് തിരുത്തി വന്നതിനാലാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു. ഇത് തെറ്റായ സന്ദേശം നൽകുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.
2011ൽ അച്ചടക്ക നടപടിയെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ മുൻ ജില്ലാ സെക്രട്ടറി പി ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ 2019 മാർച്ചിലാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നത്. ലൈംഗിക പീഡന കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ശശിയെ ഈ തീരുമാനം എടുക്കുന്നതിന് എട്ട് മാസം മുമ്പ് പാർട്ടി അംഗത്വത്തിൽ തിരിച്ചെടുത്തിരുന്നു. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായി പി ശശി പ്രവർത്തിച്ചിരുന്നു. എന്നാൽ പി ശശി ഇത്തവണ സമ്മേളന പ്രതിനിധിയായിരുന്നില്ല.
അതേസമയം, എൻ ചന്ദ്രനാണ് പാർട്ടിയുടെ കണ്ട്രോൾ കമ്മീഷൻ ചെയർമാൻ. പാർട്ടി ഏൽപ്പിച്ച ചുമതല ഭംഗിയായി നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധതയുടെ പ്രതീകമായ ആളെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ കൊണ്ടുവന്നവർ എങ്ങനെയാണ് കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കുകയെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ചോദിച്ചു. പികെ.പി പത്മനാഭന്റെ മകളെയാണ് ഇയാൾ അപമാനിച്ചതെന്നും ഇരയുടെ പിതാവിനെ പാർട്ടി തരംതാഴ്ത്തിയെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, സുധാകരൻ അടക്കം 13 പേരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. കമ്മിറ്റിയിലേക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സുധാകരൻ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവ്. എം എം മണി, കെ ജെ ജേക്കബ്, ആനത്തലവട്ടം ആനന്ദന്‍, വി എൻ വാസവൻ എന്നിവരും സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. ജോണ്‍ ബ്രിട്ടാസ് എംപിയും സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍ ആകെ 88 അംഗങ്ങളാണുള്ളത്. സെക്രട്ടറിയേറ്റില്‍ 8 പുതുമുഖങ്ങളുണ്ട്. സജി ചെറിയാൻ, മുഹമ്മദ് റിയാസ്, എം സ്വരാജ്, വി എൻ വാസവൻ, പുത്തലത്ത് ദിനേശൻ, പി കെ ബിജു, ആനാവൂർ നാഗപ്പൻ, കെ കെ ജയചന്ദ്രൻ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍.
സംസ്ഥാന കമ്മിറ്റിയില്‍ 75 വയസെന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു. 14 പേരാണ് 75 വയസ് കഴിഞ്ഞവരായി കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവരില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ്. പി. ജയരാജൻ ഇത്തവണയും സെക്രട്ടറിയേറ്റിൽ ഇല്ല. സമ്മേളനം കഴിഞ്ഞ് അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങിയിരിക്കുകയാണ്.
P. Shashi who had previously taken action in the torture controversy, on the CPM state committee