കാരുണ്യദീപം പൊലിഞ്ഞു: പി.ശ്രീരാമകൃഷ്ണൻ
|തങ്ങളുടെ വേർപാട് മുസ്ലിം ലീഗിന് മാത്രമല്ല, കേരളത്തിന്റെ പൊതുരംഗത്തുള്ള എല്ലാവരുടെയും നഷ്ടമാണ്. രാഷ്ട്രീയത്തിൽ ആത്മീയതയുടെ ശക്തി പക്വതയോടെ സന്നിവേശിപ്പിച്ച ആളാണ് അദ്ദേഹം.
കരുണയുടെയും സൗമ്യതയുടെയും പ്രതീകമായിരുന്ന, രാഷ്ട്രീയത്തിലെ അപൂർവം പ്രതിഭാശാലികളിലൊരാളായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. അദ്ദേഹത്തിന്റെ വിയോഗം നമ്മുടെ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വലിയ നഷ്ടമാണ്. നാട്ടുകാരെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും അദ്ദേഹവുമായി അടുത്തബന്ധം പുലർത്താൻ പലപ്പൊഴും അവസരം ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ലോകകേരളസഭയുടെ നടത്തിപ്പിൽ കെ.എം.സി.സിയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വീട്ടിൽ പോയി സന്ദർശിച്ചത്. പിതൃതുല്യമായ സ്നേഹവാത്സല്യങ്ങളോടെ അദ്ദേഹം എന്നെ സ്വീകരിച്ചത് എന്നും ഓർക്കും. ലോകകേരളസഭയിൽ പങ്കെടുക്കുമെന്ന് ഉറപ്പു തന്നാണ് അന്ന് അദ്ദേഹം യാത്രയാക്കിയത്.
അദ്ദേഹത്തിന്റെ വേർപാട് മുസ്ലിം ലീഗിന് മാത്രമല്ല, കേരളത്തിന്റെ പൊതുരംഗത്തുള്ള എല്ലാവരുടെയും നഷ്ടമാണ്. രാഷ്ട്രീയത്തിൽ ആത്മീയതയുടെ ശക്തി പക്വതയോടെ സന്നിവേശിപ്പിച്ച ആളാണ് അദ്ദേഹം. ആത്മീയതയെ രാഷ്ട്രീയരംഗത്ത് നിക്ഷിപ്ത താത്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന ഒരു കാലത്ത് തന്റെ ആത്മീയ വിദ്യാഭ്യാസവും ആത്മീയതയിലൂന്നിയ ജീവിത ശൈലിയും നാടിന്റെ നന്മക്കും സൗഹാർദത്തിനും വേണ്ടി ചെലവഴിക്കാൻ അദ്ദേഹത്തിനായി എന്നത് ഏറെ ശ്രദ്ധേയമാണ്. വേർപാടിൽ ആത്മാർഥമായ ദുഃഖം രേഖപ്പെടുത്തുന്നു.