രാജ്യസഭ തെരഞ്ഞെടുപ്പ്: അബ്ദുൽ വഹാബ് നാളെ നാമനിർദേശ പത്രിക നല്‍കും
|മൂന്ന് സീറ്റുകളിൽ നിലവിൽ രണ്ട് സീറ്റുകളിൽ എല്‍ഡിഎഫിനും ഒരു സീറ്റിൽ യുഡിഎഫിനും വിജയിക്കാനാകും
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പി വി അബ്ദുല്‍ വഹാബ് നാളെ പത്രിക സമർപ്പിക്കും. യുഡിഎഫ് സീറ്റ് ലീഗിനാണെന്ന് തീരുമാനിച്ചതാണെന്നും സ്ഥാനാര്‍ഥിയായി പി വി അബ്ദുല്‍ വഹാബിന്‍റെ പേര് പാണക്കാട് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ മൂന്ന് ഒഴിവുകളിലേക്കാണ് ഏപ്രില്‍ 30ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് സീറ്റുകളിൽ നിലവിൽ രണ്ട് സീറ്റുകളിൽ എല്‍ഡിഎഫിനും ഒരു സീറ്റിൽ യുഡിഎഫിനും വിജയിക്കാനാകും. യുഡിഎഫിന് ഉറപ്പുള്ള സീറ്റിൽ രാജ്യസഭാംഗമായി കാലാവധി പൂര്‍ത്തിയാക്കുന്ന പി വി അബ്ദുല്‍ വഹാബ് തന്നെയാണ് ഇത്തവണയും രാജ്യസഭയിലെത്തുക.
അബ്ദുൽ വഹാബ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ തുടങ്ങിയ നേതാക്കളുടെ സാനിധ്യത്തിലാകും നാമനിർദേശ പത്രിക സമർപ്പിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് തന്നെ പി വി അബ്ദുല്‍ വഹാബിനെ രാജ്യസഭാ പ്രതിനിധിയാക്കാന്‍ മുസ്‍ലിം ലീഗ് തീരുമാനിച്ചിരുന്നു. നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയമടക്കം ഈ ധാരണയുടെ പുറത്താണ് അന്തിമ തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പി വി അബ്ദുല്‍ വഹാബിനെ രാജ്യസഭാ പ്രതിനിധിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇത്തവണയും രാജ്യസഭയിലെത്തുന്നതോടെ ഇത് മൂന്നാം തവണയാകും പി വി അബ്ദുല്‍ വഹാബ് രാജ്യസഭാ എംപി സ്ഥാനം വഹിക്കുന്നത്. 2004ലാണ് അബ്ദുൽ വഹാബ് ആദ്യമായി രാജ്യസഭാംഗമായത്.