''വളഞ്ഞിട്ട് അടിക്കാമെന്ന് കരുതിയാൽ അടി കൊള്ളുന്ന ആളല്ല മുഖ്യമന്ത്രി, അതിന് സമ്മതിക്കുന്ന മുന്നണിയുമല്ല കേരളത്തില്‍''- മുഹമ്മദ് റിയാസ്
|ഡൽഹിയിൽ ഇ.ഡിക്ക് ഗോ ബാക്ക് എന്നും കേരളത്തിൽ സിന്ദാബാദുമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് കോൺഗ്രസ് പാഠം പഠിച്ചിട്ടില്ലെന്ന് വിമര്‍ശിച്ച റിയാസ് തൃക്കാക്കര ജയിച്ചപ്പോ ലോകകപ്പ് കിട്ടിയ പോലെയാണ് ആഘോഷിച്ചതെന്നും പറഞ്ഞു.
"വളഞ്ഞിട്ട് അടിക്കാമെന്ന് കരുതിയാൽ അടി കൊള്ളുന്ന ആളല്ല മുഖ്യമന്ത്രി. അതിന് സമ്മതിക്കുന്ന ഒരു മുന്നണിയുമല്ല കേരളത്തിലുള്ളത്. സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നത് ശരിയല്ല. റോഡ് അടച്ചിടണോയെന്ന് സമരക്കാരാണ് തീരുമാനിക്കേണ്ടത്. സമരത്തിന് ആഹ്വാനം ചെയ്യുന്നവരാണ് സമരത്തിൻ്റെ സ്വഭാവം നിശ്ചയിക്കുന്നതും...''. റിയാസ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫർഹാൻ മുണ്ടേരിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വഴിയിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയ ഫർഹാൻ മുണ്ടേരിയെ ഒരുകൂട്ടം സി.പി.എം പ്രവർത്തകർ പൊലീസിനു മുന്നിൽ വെച്ച് മർദിക്കുകയും വാഹനത്തിനകത്ത് കയറ്റിയ ശേഷം പൊലീസ് വീണ്ടും മർദിക്കുകയുമായിരുന്നു. 'പോടാ' എന്നു വിളിച്ചു വന്ന സിപിഎം പ്രവർത്തകർ ഫർഹാന്റെ മുതുകിനിട്ട് പല തവണ അടിച്ചു. എന്നാൽ ഇതിനെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായില്ല.സിപിഎം പ്രവർത്തകർക്ക് പൊലീസ് മർദിക്കാൻ അവസരം ഉണ്ടാക്കിക്കാെടുത്തതിനെ കോൺഗ്രസ് പ്രവർത്തകർ വിമർശിച്ചു. കെഎസ്.യു നേതാവിനെ മർദിച്ച സിപിഎം പ്രവർത്തകരെ ഇതുവരെ കസ്റ്റഡിയിലെടുത്തില്ല.. ഭർണശ്ശേരി മേഖലയിലുള്ള സിപിഎം പ്രവർത്തകരാണെന്നാണ് ലഭിക്കുന്ന വിവരം.