'സാധ്യമായതെല്ലാം ചെയ്യും': മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിലെത്തി
|മുങ്ങൽ വിദഗ്ധർക്ക് വെള്ളത്തിലിറങ്ങി പരിശോധിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നേവി അറിയിച്ചിട്ടുണ്ട്. എന്നാൽ ദൗത്യസംഘം ഒരു തരത്തിലും പിന്നോട്ടു പോകരുതെന്ന നിലപാടാണ് നമുക്കുള്ളതെന്ന് മന്ത്രി
മംഗളൂരു: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഷിരൂരിലെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കർണാടക സർക്കാരുമായി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. മുങ്ങൽ വിദഗ്ധർക്ക് വെള്ളത്തിലിറങ്ങി പരിശോധിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നേവി അറിയിച്ചിട്ടുണ്ട്. എന്നാൽ ദൗത്യസംഘം ഒരു തരത്തിലും പിന്നോട്ടു പോകരുതെന്ന നിലപാടാണ് നമുക്കുള്ളത്. സാധ്യമാകുന്നതെന്തും ചെയ്ത് മുന്നോട്ടു പോകമമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. അർജുനെ കണ്ടെത്തുന്നതുവരെ സമ്മർദം തുടരുമെന്ന് റിയാസ് നേരത്തെ പറഞ്ഞിരുന്നു. കോഴിക്കോട് എം.പി എഎംകെ രാഘവൻ, എംഎൽഎമാരായ ലിന്റോ ജോസഫ്, സച്ചിൻ ദേവ്, എ കെ എം അഷറഫ് എന്നിവർ ഷിരൂരിലുണ്ട്. കൂടാതെ കർണാടക സർക്കാർ പ്രതിനിധികളും ജില്ലാഭരണകൂട ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്.
അതേസമയം അർജുനുവേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുകയാണ്. തിരച്ചിലിനിടയിൽ കണ്ടെത്തിയ ലോറിയുടെ ക്യാബിനകത്ത് അർജുൻ ഉണ്ടെന്ന് ഉറപ്പില്ലെന്ന് ദൗത്യസംഘം ഇന്നലെ പറഞ്ഞിരുന്നു. ക്യാബിനും ബോഡിയും വേർപ്പെട്ടിട്ടില്ലെന്നാണ് സൂചന. നിലവിൽ പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ട്.