വിളവെടുപ്പ് പൂർത്തിയായിട്ടും നെല്ല് സംഭരണം വൈകുന്നു; പ്രതിസന്ധിയില്‍ തലയോലപ്പറമ്പിലെ കർഷകർ
|കൂടുതല്‍ കിഴിവ് ഈടാക്കി നെല്ല് സംഭരിക്കാനുള്ള സ്വകാര്യ മില്ലുകളുടെ തന്ത്രമാണ് പ്രതിസന്ധിയുടെ കാരണം
കോട്ടയം: വിളവെടുപ്പ് പൂർത്തിയായിട്ടും നെല്ല് സംഭരണം വൈകുന്നതിനാല്‍ പ്രതിസന്ധിയായി കോട്ടയം തലയോലപ്പറമ്പിലെ കർഷകർ. കൂടുതല്‍ കിഴിവ് ഈടാക്കി നെല്ല് സംഭരിക്കാനുള്ള സ്വകാര്യ മില്ലുകളുടെ തന്ത്രമാണ് പ്രതിസന്ധിയുടെ കാരണം. മഴക്കാലം ശക്തമാകും മുന്‍പ് നെല്ല് സംഭരിക്കുന്നതിനായി സർക്കാർ ഇടപെടല്‍ വേണമെന്നാണ് കർഷകരുടെ ആവശ്യം.
കൊയ്ത്തു കഴിഞ്ഞ് ആഴ്ചകളായിട്ടും തലയോലപ്പറമ്പിലെ പാടശേഖരങ്ങളില്‍ നെല്ല് കെട്ടി കിടക്കുകയാണ്. മഴ വരുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടിയും വെയിലത്ത് വീണ്ടും ഉണക്കിയും ദിവസങ്ങളായി കർഷകർ പാടുപെടുന്നു. തലയോലപ്പറമ്പിലെ കോലത്താർ ,പഴമ്പെട്ടി , വട്ടക്കരി പാടശേഖരങ്ങളിലായി നിരവധി കർഷകരാണ് ഏക്കറു കണക്കിന് സ്ഥലങ്ങളിലെ വിളവെടുപ്പ് പൂർത്തിയാക്കിയത് . മഴ ശക്തമായി തുടങ്ങിയതോടെ പലരും ബാക്കിയുള്ള പാടങ്ങളിലെ കൊയ്ത്ത് ഉപേക്ഷിച്ച മട്ടാണ്. നാലു മില്ലുടമകള്‍ ഇതിനോടകം തലയോലപ്പറമ്പിലെത്തിയെങ്കിലും ഒരാളും കെയ്ത നെല്ല് സംഭരിക്കാന്‍ തയ്യാറായില്ല. മേഖലയിലെ വെള്ളപ്പൊക്ക സാധ്യത കൂടി മുന്നില്‍ കണ്ടാണ് ഇവരുടെ വിലപേശല്‍ തന്ത്രം.
ഏക്കറിന് 25,000 രൂപ വരെയാണ് പ്രദേശത്ത് നെല് കൃഷിക്കായി കർഷകർ ചെലവാക്കിയിട്ടുള്ളത്. കൊയ്തെടുത്ത നെല്ല് ഇനിയും വിറ്റഴിക്കാനായില്ലെങ്കില്‍ തങ്ങള്‍ക്ക് ഈ മുടക്കുമുതല്‍ പോലും ലഭിക്കില്ലെന്നാണ് കർഷകരുടെ ആശങ്ക. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തിര സഹായ നടപടികളില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും കർഷകരില്‍ ചിലർ പറയുന്നു.