നെല്ല് സംഭരണം: സപ്ലൈകോയ്‌ക്ക് 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
|കർഷകർക്ക് കൃത്യസമയത്ത് പണം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കർഷകർക്ക് കൃത്യസമയത്ത് പണം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. 2017 മുതൽ കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 900 കോടി രൂപ കുടിശികയാണ്.
'നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ അടിയന്തിരമായി തുക ലഭ്യമാക്കിയത്. കേരളത്തിലെ പിആർഎസ് വായ്‌പാ പദ്ധതി പ്രകാരം കർഷകന് നെൽവില ബാങ്കിൽനിന്ന് ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ് സംസ്ഥാന സർക്കാർ നിർവഹിക്കും. അതുകൊണ്ടുതന്നെ വായ്‌പാ ബാധ്യത കർഷകന് ഏറ്റെടുക്കേണ്ടി വരില്ല. കേരളത്തിൽ മാത്രമാണ് നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്' എന്ന് ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ മന്ത്രി അറിയിച്ചു.