പത്മ പുരസ്കാരത്തിൽ മലയാളിത്തിളക്കം; അപ്പുക്കുട്ടൻ പൊതുവാൾ അടക്കം നാല് പേർക്ക് പത്മശ്രീ
|ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമാണ് വി.പി അപ്പുക്കുട്ടൻ പൊതുവാൾ
ന്യൂഡൽഹി: 2023ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് നാലുപേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. വി.പി അപ്പുക്കുട്ടൻ പൊതുവാൾ, ചെറുവയൽ കെ.രാമൻ, സി.ഐ ഐസക്ക്, എസ്.ആർ.ഡി പ്രസാദ് ഗുരുക്കൾ എന്നിവർക്കാണ് പുരസ്കാരം. ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമാണ് വി.പി അപ്പുക്കുട്ടൻ പൊതുവാൾ. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിലെ സജീവ സാന്നിധ്യമായിരുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. പയ്യന്നൂര്‍ സ്വദേശിയാണ് ഇദ്ദേഹം.
ആൻഡമാനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകനായ രത്തൻ ചന്ദ്ര ഖറിനും ഗുജറാത്തി സാമൂഹ്യ പ്രവർത്തക ഹിരാഭായ് ലോബിക്കും ആരോഗ്യ പ്രവർത്തകൻ മുനിശ്വർ ചന്ദേർ ദാവറിനും പത്മശ്രീ ലഭിച്ചു.
ദിലിപ് മഹലനോബിസിനെ പത്മ വിഭൂഷൺ നല്കി ആദരിച്ചു. ഒആർഎസ് ലായനി ചികിൽസയുടെ പ്രയോക്താവാണ് അദ്ദേഹം. കോളറ ബാധിച്ച നിരവധി പേരുടെ ജീവന് രക്ഷിച്ച ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി വികസിപ്പിച്ച ഡോക്ടറും ഗവേഷകനുമായിരുന്നു ദിലിപ് മഹലനോബിസ്. 1971ലെ യുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്പില്‍ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രക്ഷയായത് മഹലനോബിസിന്റെ കണ്ടുപിടിത്തമായിരുന്നു. 2022 ഒക്ടോബര്‍ 16നാണ് അദ്ദേഹം അന്തരിച്ചത്. മരണാനന്തര ബഹുമതിയായാണ് പത്മ വിഭൂഷൺ നല്കി ആദരിച്ചത്.