'മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തുമോയെന്ന് ആശങ്ക': വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് പാലാ ബിഷപ്പ്
|'കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും'
വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. തിന്മക്കെതിരെ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രി തകരില്ലെന്ന് ബിഷപ്പ് ദീപികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. തെറ്റുകൾക്കെതിരെ സംസാരിക്കാത്തവർ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോ എന്ന് ആശങ്കയുണ്ട്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കുമെന്നും മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുവെന്നും ജോസഫ് കല്ലറങ്ങാട്ട് ദീപികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. 'തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുത്' എന്ന തലക്കെട്ടില്‍ ഗാന്ധിജയന്തിയോട് അനുബന്ധിച്ചെഴുതിയ ലേഖനത്തിലാണ് പാലാ ബിഷപ്പ് 'നാര്‍ക്കോട്ടിക് ജിഹാദ്' വിദ്വേഷ പ്രസംഗത്തെ പരോക്ഷമായി ന്യായീകരിച്ചത്.
ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍
"ഗാന്ധിജി കറതീർന്ന ഒരു ഹൈന്ദവവിശ്വാസിയായിരുന്നു. അത് ഒരിക്കലും മറച്ചുവയ്ക്കാനോ ഒളിച്ചുവയ്ക്കാനോ അദ്ദേഹം ആഗ്രഹിച്ചില്ല. വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളിൽ അടിയുറച്ചു നിന്ന് പൊതുനന്മക്കായി ഒരുമിച്ചു മുന്നേറണമെന്ന് അദ്ദേഹം നമ്മുടെ സമൂഹത്തെ ഓർമിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ദേശീയതയ്ക്കു തുരങ്കം വയ്ക്കുന്ന തിന്മകളെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ ക്രിമിനൽ മനസ്ഥിതിയോടെയും അസഹിഷ്ണുതയോടെയുമല്ല പ്രതികരിക്കേണ്ടത്. ഗാന്ധിജിയുടെ ജീവിതം മൂടിവയ്ക്കപ്പെട്ടതോ മറഞ്ഞിരിക്കുന്നതോ ആയ സത്യത്തെ കണ്ടെത്താനും അതിനെ ഉൾക്കൊള്ളാനും നമ്മെ പ്രചോദിപ്പിക്കും.
നമ്മുടെ നാട് പ്രബുദ്ധവും വികസിതവുമായത് ഇവിടത്തെ പ്രബലമായ മതവിഭാഗങ്ങളുടെ സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ്. ഉള്ളിൽ നിന്നുള്ള സ്വയം നവീകരണത്തിന് എല്ലാ സമുദായങ്ങളും തയാറായിരുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും സമുദായത്തിന്റെ സുസ്ഥിതിയിലും രാഷ്ട്രനിർമാണത്തിലും തങ്ങൾ പങ്കുചേരുകയാണെന്ന ബോധ്യം എല്ലാവർക്കുമുണ്ടായിരുന്നു. സാമുദായിക വഴിയിലൂടെ അങ്ങനെ നാം മതേതര ഭാരതത്തിൽ എത്തിച്ചേർന്നു. കുടുംബഭദ്രതയും സമുദായ സുസ്ഥിതിയും രാഷ്ട്ര പുരോഗതിയും ഒരേ ദിശയിൽ സഞ്ചരിച്ചു. ആരും ആരെയും സംശയിക്കുകയോ ഭയക്കുകയോ ചെയ്തിരുന്നില്ല. മൂല്യങ്ങളാണ് മൂലധനമെന്ന് എല്ലാവരും മനസിലാക്കി.
മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്‍ക്കുന്ന ആശങ്ക. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തിൽ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലർ ശഠിക്കുന്നത്. സമുദായത്തെകാർന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാൻ പാടില്ലത്രേ! മതേതരത്വംകൊണ്ട് ആർക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നു.
സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നൽകുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിന്ന് നാം പഠിക്കണം. ഇന്ത്യൻ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അർഥത്തിൽ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല.
തെറ്റുകൾക്കെതിരെ സംസാരിക്കാത്തവർ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരെ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്.
മതസമൂഹവും സെക്കുലർ സമൂഹവും ഒന്നിച്ചു ജീവിക്കാൻ പഠിക്കണം. ഇവിടെയാണ് ഇന്ത്യൻ സെക്കുലറിസം ലോകത്തിനു മാതൃകയാകുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം അഥവാ സെക്കുലറിസം. സെക്കുലറിസത്തിന്റെ ഉത്കൃഷ്ട മാതൃക ഇന്ത്യയാണെന്നു പ്രസിദ്ധ ചിന്തകനായ ചാൾസ് ടെയ്ലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതു സമൂഹത്തിലും തിന്മകളും പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവാമെങ്കിലും സമൂഹത്തിൽ അന്തച്ഛിദ്രവും അസ്വസ്ഥതയും അസമാധാനവും വിതയ്ക്കാൻ ആരും കാരണമാകരുത്.
തിന്മകൾക്കെതിരേ നമ്മൾ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങൾക്കെതിരേ മുന്നറിയിപ്പുകൾ നൽകപ്പെടുമ്പോൾ നമുക്കു വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്മകൾക്കെതിരേ നമുക്കു വേണ്ടത് മൗനമോ തമസ്കരണമോ തിരസ്കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല; മറിച്ച് അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചർച്ചകളും പ്രതിരോധ നടപടികളുമാണ്. സമൂഹത്തിന്റെ സുസ്ഥിതിക്കും നിലനില്പിനും ആരോഗ്യകരമായ വളർച്ചക്കും ഇത് അനിവാര്യമാണ്.
ഡോ. രാധാകൃഷ്ണന്റെ വാക്കുകൾ ഗാന്ധിയൻ ദർശനത്തിന്റെ മനോഹാരിത പ്രകടമാക്കുന്നുണ്ട്: "ഗാന്ധി യഥാർഥത്തിൽ മതനിഷ്ഠനായിരുന്നു. ആധ്യാത്മിക സാധനകൾകൊണ്ടും ഉപവാസവും പ്രാർഥനയുംകൊണ്ടും നിർഭയം നിഷ്കന്മഷനും വിദ്വേഷരഹിതനുമായ ഒരു പുതിയ തരം മനുഷ്യനെ രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം." തുറന്നു പറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുതെന്നും ഉറച്ചുനില്ക്കേണ്ടപ്പോൾ സത്യവിരുദ്ധമായ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധനാകരുതെന്നും ഗാന്ധിജി പഠിപ്പിക്കുന്നു. സമാധാനമെന്നതു മാത്സര്യത്തിന്റെ അഭാവമല്ല, പ്രത്യുത അതിനെ വിവേകപൂർവം നേരിടാനുള്ള കഴിവാണ്. ഗാന്ധിജിയെ അടയാളപ്പെടുത്തുന്ന സവിശേഷമായ ഗുണം നിർഭയത്വമായിരുന്നു. സത്യത്തെ പേടികൂടാതെ വിളിച്ചു പറയുവാനുള്ള പ്രവാചകധീരത മഹാത്മാവിന്റെ മുഖമുദ്രയാണ്.
"രാഷ്ട്രീയവും മതവും തമ്മിലുള്ള ബന്ധം വിടുവിക്കൽ സാധ്യമല്ല. അങ്ങനെ ചെയ്യാമെന്നു വിചാരിക്കുന്നവർ രണ്ടിനെയും മനസിലാക്കുന്നില്ല" എന്ന ഗാന്ധിയൻ ചിന്ത ഭാരതത്തെ സംബന്ധിച്ച് എന്നും പ്രസക്തമാണ്. മഹാത്മാവ് മറ്റുള്ളവരെക്കുറിച്ചോ അദ്ദേഹത്തെ എതിർത്തിരുന്നവരോടു പോലുമോ പരുഷമായി സംസാരിച്ചിരുന്നില്ല. അദ്ദേഹത്തെ നിന്ദിച്ചു സംസാരിച്ചിരുന്നവരുടെ പേരു പറയുന്പോഴെല്ലാം എന്തെങ്കിലും നല്ലവാക്ക് മഹാത്മജി പറയാതിരുന്നിട്ടില്ല.