പാലാ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ്;നിർണായക തീരുമാനങ്ങൾ നാളെ
|ഇന്ന് വൈകിട്ട് നടത്താനിരുന്ന സി.പി.എം പാർലമെൻ്ററി പാർട്ടി യോഗം നാളെ രാവിലത്തേക്ക് മാറ്റി
കോട്ടയം: പാലാ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ നിർണായക തീരുമാനങ്ങൾ നാളെ. ഇന്ന് വൈകിട്ട് നടത്താനിരുന്ന സി.പി.എം പാർലമെൻ്ററി പാർട്ടി യോഗം നാളെ രാവിലത്തേക്ക് മാറ്റി. രാവിലെ 8 മണിക്ക് പാലാ ഏരിയാ കമ്മിറ്റി യോഗവും, 8.30 ന് സി.പി.എം പാർലമെൻ്ററി പാർട്ടി യോഗവും ചേരും.
ബിനു പുളിക്ക കണ്ടത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനുള്ള എതിർപ്പ് കേരളാ കോൺഗ്രസ് പ്രാദേശിക നേതൃത്വം അറിയിച്ചതിനാലാണ് തീരുമാനത്തിലേക്കെത്താൻ സി.പി.എം ന് കഴിയാത്തത്. ഇന്ന് രാവിലെ തീരുമാനമെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു.
പാല നഗരസഭ ചെയർമാനായി സിപിഎം ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി അറിയിച്ചിരുന്നു. പ്രാദേശിക നേതൃത്വത്തെ തള്ളിയ ജോസ് കെ മാണി ബിനു പുളിക്കകണ്ടത്തെ ചെയർമാനായി തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും പാലയിലേത് പ്രദേശിക കാര്യമാണെന്നുമാണ് പറഞ്ഞിരുന്നത്.
ബിനു പുളിക്ക കണ്ടത്തെ ചെയർമാനായി സി.പി.എം തീരുമാനിച്ചാൽ കേരള കോൺഗ്രസ് പിന്തുണക്കുമെന്നും സി പി എം തീരുമാനത്തിൽ ഇടപെടില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും പറഞ്ഞിരുന്നു. മുന്നണി ധാരണകൾ പൂർണമായും പാലിക്കുമെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കിരുന്നു.
എന്നാൽ പാലാ നഗരസഭ ചെയർമാൻ സ്ഥാനാർത്ഥി ആരാകണം എന്ന് സിപിഎം ആണ് തീരുമാനിക്കേണ്ടതെന്ന് സിപി.ഐ ജില്ലാസെക്രട്ടറി വി.ബി ബിനു പറഞ്ഞു. ഇതിൽ മറ്റ് പാർട്ടികൾ അഭിപ്രായം പറയുന്നത് ശരിയല്ല ഒരു ഘടക കക്ഷികളുടെ തീരുമാനത്തിൽ മറ്റൊരു ഘടക കക്ഷി കടന്ന് കയറുന്നത് ശരിയല്ല. അധികാര കൈമാറ്റത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ തീരുമാനം ആയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത് കേരള കോൺഗ്രസ് പാലിക്കുന്നില്ല. പാലായിൽ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.