Kerala
പാലക്കാട് ഇന്ന് സർവകക്ഷി സമാധാന യോഗം; നിരോധനാജ്ഞ തുടരുന്നു
Kerala

പാലക്കാട് ഇന്ന് സർവകക്ഷി സമാധാന യോഗം; നിരോധനാജ്ഞ തുടരുന്നു

Web Desk
|
18 April 2022 12:52 AM GMT

മന്ത്രി കെ കൃഷ്ണൺകുട്ടിയുടെ അധ്യക്ഷതയിലാണ് പാലക്കാട് കലക്ട്രേറ്റിൽ യോഗം ചേരുന്നത്.

പാലക്കാട്: പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സർവകക്ഷി സമാധാന യോഗം ഇന്ന്. മന്ത്രി കെ കൃഷ്ണൺകുട്ടിയുടെ അധ്യക്ഷതയിലാണ് പാലക്കാട് കലക്ട്രേറ്റിൽ യോഗം ചേരുന്നത്. ബിജെപി പ്രതിനിധികളും പോപ്പുലർ ഫ്രണ്ട് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. രണ്ട് കൊലപാതകങ്ങളിലും പൊലീസ് അന്വേഷണം ഊർജിതമാക്കി.

അക്രമ സംഭവങ്ങളുടെ തുടർച്ചയൊഴിവാക്കാൻ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നതിനിടെയാണ് സർവകക്ഷി സമാധാന യോഗം ചേരുന്നത്. വൈകീട്ട് മൂന്നരക്ക് പാലക്കാട് കലക്ട്രേറ്റിലാണ് യോഗം. ബിജെപി, പോപ്പുലർ ഫ്രണ്ട് പ്രതിനിധികൾക്കൊപ്പം ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇതിനിടെ ജില്ലയിൽ നിരോധനാജ്ഞ നിയന്ത്രണങ്ങൾ കർശനമാക്കി. ഇരുചക്ര വാഹന യാത്രക്കാണ് നിയന്ത്രണം. പിൻസീറ്റിൽ സ്ത്രീകളോ കുട്ടികളോ ഒഴികെയുള്ളവർ യാത്ര ചെയ്യരുതെന്നാണ് നിർദേശം.

ആര്‍.എസ്.എസ് മുൻ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.കെ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് കൊല നടത്തിയതെന്നാണ് സൂചന. സുബൈർ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആസൂത്രിത കൊലപാതകങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരിലേക്ക് അടക്കമാണ് അന്വേഷണമെന്ന് പൊലീസ് പറഞ്ഞു.

Similar Posts