Kerala
Palakkad by-poll Kottikkalasam live updates, Palakkad by-election 2024, Rahul Mamkootathil, P Sarin, C Krishnakumar, UDF, LDF, NDA
Kerala

പാലക്കാട്ട് കലാശക്കൊട്ടിന്‍റെ ആവേശക്കാറ്റ്; പരസ്യപ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകള്‍

Web Desk
|
18 Nov 2024 11:21 AM GMT

വൈകിട്ടോടെയാണ് ആട്ടും പാട്ടവും മേളവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അത്യാവേശത്തിൽ നേതാക്കളും പ്രവർത്തകരും പാലക്കാട് നഗരം കീഴടക്കിയത്

പാലക്കാട്: തെരഞ്ഞെടുപ്പ് വിജ്ഞാപനം തൊട്ടിങ്ങോട്ട് രാഷ്ട്രീയ ട്വിസ്റ്റുകളും ഉദ്വേഗങ്ങളും നിറഞ്ഞുനിന്ന പാലക്കാട്ട് ഒടുവിൽ പ്രചാരണങ്ങൾ കൊട്ടിക്കലാശത്തിലേക്ക്. പ്രചാരണത്തിലുടനീളം കണ്ട അതേ ആവേശവും വീറും അതിന്റെ തീവ്രതയിൽ അവസാനത്തിലേക്ക് അടുക്കുകയാണ്. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ തങ്ങളുടേതാക്കാൻ മത്സരിക്കുകയാണ് മുന്നണികൾ. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ ക്യാംപുകളെല്ലാം ഒരുപോലെ ആത്മവിശ്വാസത്തിന്റെയും ആവേശത്തിന്റെയും പരകോടിയിലാണ്.

കരിമ്പനയുടെ നാട്ടിൽ രാഷ്ട്രീയപ്പോരിന്റെ കലാശക്കൊട്ടിൽ ആവേശം നിറയ്ക്കാൻ മത്സരിക്കുകയാണ് മുന്നണികൾ. കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി, പി. സരിന്റെ പുറത്തുപോക്കും ഇടതുപക്ഷത്തേക്കുള്ള കൂടുമാറ്റവും, സിപിഎം ഉയർത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകൽച്ച, സന്ദീപിന്റെ കോൺഗ്രസ് പ്രവേശം എന്നിങ്ങനെ വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടൻ പ്രചാരണ നാളുകൾ അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോൾ പാലക്കാട് ആവേശക്കാറ്റ് ആഞ്ഞുവീശുകയാണ്.


വൈകിട്ടോടെയാണ് ആട്ടും പാട്ടവും മേളവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അത്യാവേശത്തിൽ നേതാക്കളും പ്രവർത്തകരും പാലക്കാട് നഗരം കീഴടക്കിയത്. അണികൾക്ക് ആവേശം പകർന്ന് സ്ഥാനാർഥികളും മുന്നണി നേതാക്കളുമെല്ലാം പ്രചാരണത്തിനു മുൻനിരയിലുണ്ട്. സ്റ്റേഡിയം സ്റ്റാൻഡിന് മുൻവശത്തുള്ള ജങ്ഷനിലാണ് കൊട്ടിക്കലാശം നടക്കുന്നത്.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. മുഖ്യമന്ത്രി ബിജെപിക്കുവേണ്ടിയാണ് പ്രചാരണം നടത്തുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാഷ്ട്രീയ ഗിമ്മിക്കുകളെ ജനം തള്ളിക്കളയുമെന്ന് എൽഡിഎഫ് സ്ഥാനാർഥി സരിനും സന്ദീപ് വാര്യരുടെ കൂറുമാറ്റം തെരഞ്ഞെടുപ്പിൽ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാറും മീഡിയവണിനോട് പറഞ്ഞു.

Summary: Palakkad by-poll Kottikkalasam live updates

Similar Posts