പരസ്യവും ട്രോളിയും ഏൽക്കാതെ പാലക്കാട്
|പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലെ റെയ്ഡും രണ്ട് മുസ്‌ലിം മാനേജ്‌മെന്റ് പത്രങ്ങളിൽ എൽഡിഎഫ് നൽകിയ പരസ്യവും ഉപതെരഞ്ഞെടുപ്പിലെ വലിയ വിവാദമായിരുന്നു.
കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ചർച്ചയായത് ട്രോളി വിവാദവും രണ്ട് മുസ്‌ലിം പത്രങ്ങളിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരസ്യവുമായിരുന്നു. നവംബർ ആറിന് അർധരാത്രിയോടെയാണ് പാലക്കാട് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ് നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും അടക്കമുള്ളവർ താമസിക്കുന്ന ഹോട്ടലിലെത്തിയ പൊലീസ് നേതാക്കളുടെ മുറി പരിശോധിക്കുകയായിരുന്നു.
ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങിയ വനിതാ നേതാക്കളുടെ മുറിയിൽ പുരുഷ പൊലീസുകാർ അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. ഇതിനിടെ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, അബിൻ വർക്കി തുടങ്ങിയ കോൺഗ്രസ് നേതാക്കളും എ.എ റഹീം, വി. വസീഫ്, വി.കെ സനോജ്, പ്രഫുൽ കൃഷ്ണ തുടങ്ങിയ ഡിവൈഎഫ്‌ഐ, ബിജെപി നേതാക്കളും പ്രവർത്തകരും ഹോട്ടലിലെത്തി. സിഐ അടക്കമുള്ള പൊലീസുകാർ യൂണിഫോം ധരിക്കാതെ എത്തിയത് കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ് നേതാക്കളെ ഹോട്ടലിൽനിന്ന് മാറ്റി മുറികൾ റെയ്ഡ് ചെയ്യണമെന്ന് സിപിഎം, ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. പണം കടത്താൻ മാധ്യമപ്രവർത്തകരും സഹായിച്ചെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആരോപിച്ചു.
അതിനിടെ താൻ കോഴിക്കോടാണെന്ന് വിശദീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് ലൈവിലെത്തി. കാന്തപുരത്തെ കാണാനാണ് കോഴിക്കോട് വന്നതെന്നും നേരത്തെ തീരുമാനിച്ച പ്രോഗ്രാം ആണെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ വിശ്വസ്തനായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാൻ ട്രോളി ബാഗിൽ കള്ളപ്പണവുമായി എത്തിയെന്നായിരുന്നു സിപിഎം ആരോപണം. കള്ളപ്പണമുണ്ടെന്ന് വിവരം ലഭിച്ചാണ് തങ്ങൾ എത്തിയതാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. റെയ്ഡ് വിവാദമായതോടെ പതിവ് പരിശോധനയുടെ ഭാഗമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തിരുത്തി. ഹോട്ടലിലെ സിസിടിവി പരിശോധനയിൽ ഫെനി ട്രോളി ബാഗുമായി എത്തുന്ന ദൃശ്യങ്ങൾ കണ്ടെങ്കിലും അത് തന്റെ വസ്ത്രങ്ങളാണെന്നായിരുന്നു രാഹുലിന്റെ വിശദീകരണം.
വനിതാ നേതാക്കളുടെ മുറിയിൽ പൊലീസ് അതിക്രമിച്ചുകയറാൻ ശ്രമിച്ചുവെന്നാരോപിച്ച് കോൺഗ്രസ് പിന്നീട് എസ്പി ഓഫീസ് മാർച്ച് നടത്തി. റെയ്ഡിനിടെ സിപിഎം, ബിജെപി നേതാക്കൾ ഒരുമിച്ച് ഹോട്ടലിലെത്തിയത് ഇരു പാർട്ടികളും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്ന് യുഡിഎഫ് ആരോപിച്ചു. ട്രോളി പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും എ.എ റഹീം അടക്കമുള്ള നേതാക്കളെയും പരിഹസിക്കാനുള്ള മാർഗമായി യുഡിഎഫ് ഉപയോഗിച്ചു. അബിൻ വർക്കി, പി.കെ ഫിറോസ് തുടങ്ങിയ യുവനേതാക്കൾ ട്രോളി ബാഗ് പിടിച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. സിപിഎം നേതാക്കളുടെ അമിതാവേശമാണ് ട്രോളി വിവാദം പാളാനുള്ള കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.
തെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സിറാജ്, സുപ്രഭാതം പത്രങ്ങളിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരസ്യമാണ പാലക്കാട് ആളിക്കത്തിയ മറ്റൊരു വിവാദം. അടുത്തിടെ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ നേരത്തെ നടത്തിയ വിദ്വേഷ പ്രസ്താവനകൾ വാർത്തയാക്കി കൊടുത്ത പരസ്യം ന്യൂനപക്ഷ വോട്ടർമാരെ ലക്ഷ്യമിട്ടായിരുന്നു. 'ഈ വിഷനാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം!' എന്ന തലക്കെട്ടിൽ ആർഎസ്എസ് യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോ, കശ്മീരികളെ കൂട്ടക്കൊല ചെയ്യണമെന്ന സന്ദീപിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്, സിഎഎ നടപ്പാക്കുമെന്ന ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയവയാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
പരസ്യത്തിലൂടെ വർഗീയധ്രുവീകരണത്തിനാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് ആരോപണമുയർന്നു. ഈ പരസ്യം ബിജെപിക്കാണ് യഥാർഥത്തിൽ ഗുണം ചെയ്യുക എന്നും വിമർശനമുണ്ടായി. യുഡിഎഫിന്റെ ആർഎസ്എസ് ബന്ധം തുറന്നുകാട്ടാനാണ് തങ്ങൾ ശ്രമിച്ചതെന്നായിരുന്നു സിപിഎം ന്യായീകരണം. പരസ്യം പ്രസിദ്ധീകരിച്ച 'സുപ്രഭാതം' പത്രത്തിനെതിരെയും വലിയ പ്രതിഷേധമുയർന്നു. സമീപകാലത്തുണ്ടായ ലീഗ്-സമസ്ത തർക്കത്തിൽ സമസ്തയിലെ സിപിഎം അനുഭാവമുള്ളവരാണ് പരസ്യത്തിന് പിന്നിലെന്നായിരുന്നു ആരോപണം. വിവാദം കത്തിയതോടെ പരസ്യത്തിൽ പറഞ്ഞ കാര്യങ്ങളുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സമസ്ത രംഗത്തെത്തി. പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ തന്നെ വിമർശനവുമായി രംഗത്തെത്തിയതോടെ വീഴ്ചയുണ്ടായെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പത്രത്തിന്റെ മാനേജിങ് ഡയറക്ടറായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കി.
വലിയ നാടകങ്ങൾ അരങ്ങേറിയെങ്കിലും ഒടുവിൽ 18840 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചുകയറി. 58389 വോട്ടാണ് രാഹുൽ നേടിയത്. രണ്ടാംസ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ 39549 വോട്ടാണ് നേടിയത്. 37293 വോട്ട് നേടിയ എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.