![പാലക്കാട് തെരഞ്ഞെടുപ്പ്: സരിനും രാഹുലും നേര്‍ക്കുനേര്‍, BJPയിൽ കടുത്ത ഭിന്നത പാലക്കാട് തെരഞ്ഞെടുപ്പ്: സരിനും രാഹുലും നേര്‍ക്കുനേര്‍, BJPയിൽ കടുത്ത ഭിന്നത](https://www.mediaoneonline.com/h-upload/2024/10/19/1447125-2.webp)
പാലക്കാട് തെരഞ്ഞെടുപ്പ്: സരിനും രാഹുലും നേര്‍ക്കുനേര്‍, BJPയിൽ കടുത്ത ഭിന്നത
![](/images/authorplaceholder.jpg?type=1&v=2)
ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു
പാലക്കാട്: എൽഡിഎഫ് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരം കനക്കുകയാണ്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി.സരിന്റെ നേതൃത്വത്തിൽ പാലക്കാട് ഇന്ന് വൈകീട്ട് റോഡ് ഷോ നടക്കും. കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ സജീവമാണ്. അതേസമയം സ്ഥാനാർഥിത്വം സംബന്ധിച്ച് ബിജെപിയിൽ കടുത്ത ഭിന്നത തുടരുകയാണ്.
നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോ നടത്തിയാണ് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തൻറെ ഔദ്യോഗിക പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സമാനമായ ഒരു സ്വീകരണം തങ്ങളുടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നൽകാനാണ് എൽഡിഎഫ് പദ്ധതിയിടുന്നത്. നാളെ സരിൻ പങ്കെടുക്കുന്ന റോഡ് ഷോയിൽ നിരവധി സിപിഎം പ്രവർത്തകർ പങ്കെടുക്കും. സരിനും രാഹുലും മണ്ഡലത്തിൽ പ്രചാരണങ്ങളുമായി സജീവമാകുമ്പോൾ ഒരേ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച രണ്ടുപേർ മുഖാമുഖം വരുന്നു എന്നതും പ്രത്യേകതയാണ്. എന്നാൽ മണ്ഡലത്തിൽ മുഖ്യ എതിരാളി ബിജെപിയാണെന്നാണ് പി. സരിൻ പറയുന്നത്.
അതേസമയം സ്ഥാനാർഥിത്വം സംബന്ധിച്ച് ബിജെപിയിൽ കടുത്ത ഭിന്നത തുടരുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ മത്സരിപ്പിക്കനാണ് ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.