പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ അന്തിമഘട്ടത്തിൽ
|അന്തിമ സ്ഥാനാർഥി പട്ടിക ഇന്ന് ഹൈക്കമാൻഡിന് കൈമാറും.
തിരുവനന്തപുരം: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഇന്ന് തന്നെ ഹൈക്കമാൻഡിന് കൈമാറാൻ കെപിസിസി നേതൃത്വം. തർക്കങ്ങൾ പരിഹരിച്ച് സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി കെപിസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതിന് മുൻപ് പാലക്കാട്ടെ തർക്കപരിഹാരത്തിനായി ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ അടക്കമുള്ളവരുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കൂടിക്കാഴ്ചയും നടത്തും.
ഇന്നോ നാളെയോ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരും. വന്നാൽ മണിക്കൂറുകൾക്കുള്ളിൽത്തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തണമെന്നാണ് ഹൈക്കമാൻഡിന്റെയടക്കം നിലപാട്. അതിനാൽ അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിച്ച് സ്ഥാനാർഥിപ്പട്ടിക ഹൈക്കമാൻഡിന് അയക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നിർണായക തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ചേരും. ചേലക്കരയിൽ ഉയർന്നുകേട്ട തർക്കങ്ങൾ പരിഹരിച്ചെന്നാണ് നേതൃത്വത്തിന്റെ വാദം. എന്നാൽ പാലക്കാട്ടെ തർക്കത്തിൽ പരിഹാരം ഉണ്ടാക്കാനുള്ള നീക്കങ്ങൾ ഇതുവരെ വിജയം കണ്ടില്ല. ഇന്നത്തോടെ സമവായ ശ്രമങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിക്കാനായി നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.
ഷാഫി പറമ്പിൽ എം.പി, പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ, പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ എന്നിവർ തിരുവനന്തപുരത്ത് വെച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് മുമ്പ് സമവായമുണ്ടാക്കാനാണ് ശ്രമം. വൈകുന്നേരത്തോടെ മുൻഗണനാ ക്രമത്തിൽ ഒന്നിലധികം സ്ഥാനാർഥികളുടെ പേരുകൾ ഹൈക്കമാൻഡിന് അയച്ചേക്കും. ഹൈക്കമാൻഡിൽ നിന്ന് വെട്ടൽ ഉണ്ടായില്ലെങ്കിൽ ഇരു മണ്ഡലങ്ങളുടെയും പട്ടികയിലെ ആദ്യ പേരുകാർ സ്ഥാനാർഥികളായി വരും.