പാലക്കാട് കോണ്‍ഗ്രസില്‍ പ്രതിസന്ധി; രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിൽക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച് ഐ ഗ്രൂപ്പ്
|യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ ഷാനിബ് പാർട്ടി വിട്ടു
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാവുകയാണ്. യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിൽക്കാൻ ഉപാധികൾ മുന്നോട്ടുവെച്ചിരിക്കയാണ് ഐ ഗ്രൂപ്പ്. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന കെ.എ സദ്ദാം ഹുസൈനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സദ്ദാമിനെ തിരിച്ചെടുക്കാൻ 48 മണിക്കൂർ സമയം എന്ന നിർദേശവും ഐ ഗ്രൂപ്പിലെ നേതാക്കൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭക്ക് എതിരെ നിരവധി സമരങ്ങൾ നടത്തിയ നേതാവാണ് സദ്ദാം എന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. സദ്ദാമിൻ്റെ സമരങ്ങളിലെ ഫോട്ടോ നഗരത്തിൽ ഫ്ലക്സ് അടിച്ച് വെക്കാനും കൺവെൻഷൻ വെക്കാനുമാണ് ഐ ഗ്രൂപ്പ് ആലോചന.
അതേസമയം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബ് പാർട്ടി വിട്ടു. ഷാനിബിന് പുറമെ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നാണ് സൂചന. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവർത്തിച്ചത്. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവർത്തിച്ചിരുന്നത്.