'പാലക്കാട് സിപിഎം-ബിജെപി ഡീൽ, സരിനെ മത്സരിപ്പിക്കുന്നത് മണ്ടൻ തീരുമാനം'- വി.ഡി സതീശൻ
|പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും സതീശൻ
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് വന്നാൽ ബിജെപി ജയിക്കുമെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവന സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ദുതനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണെന്നും സതീശൻ പറഞ്ഞു. മീഡിയവണിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരം കലക്കലും ഇ.പി ജാവഡേക്കർ കൂടിക്കാഴ്ചയും ആദ്യം പുറത്തു കൊണ്ടുവന്നതും പ്രതിപക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒരു റിസ്‌കും ഇല്ലെന്നും പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സരിനെ മത്സരിപ്പിക്കാനുള്ള എൽഡിഎഫിന്ർറെ തീരുമാനം മണ്ടത്തരമാണെന്നും സതീശന്‍ പരിഹസിച്ചു.
എഡിഎമ്മിന്റെ മരണത്തിൽ ആരോപണ വിധേയയായ ദിവ്യയെ മാറ്റിയത് തെരഞ്ഞെടുപ്പു കാലമായതു കൊണ്ടുമാത്രമാണെന്നും സതീശൻ ആരോപിച്ചു. ദിവ്യയെ രക്ഷിക്കാൻ അവർക്കെതിരെ കള്ള പരാതി കൊടുപ്പിച്ചതും സർക്കാറാണെന്നും മരണത്തിനു ശേഷവും സിപിഎം നവിൻ്റെ കുടുംബത്തോട് ചെയ്തത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ കലക്ടർക്കും സംഭവത്തിൽ വീഴ്ച പറ്റിയെന്നും ദിവ്യ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ കലക്ടർ തടയണമായിരുന്നുവെന്നും കേട്ടുനിന്നത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എഡിഎമ്മിനെതിരായത് കള്ള കേസാണെന്ന് തെളിഞ്ഞെന്നും സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.