പാലക്കാട് വ്യാജ വോട്ട്? 800 വോട്ടർമാരെ കോൺഗ്രസും ബിജെപിയും തിരുകിക്കയറ്റിയെന്ന് സിപിഎം
|പ്രവർത്തകർ സ്ലിപ് കൊടുക്കാൻ പോകുമ്പോൾ ലിസ്റ്റിലുള്ള ആരേയും കാണാറില്ലെന്ന് ആരോപണം
പാലക്കാട്: പിരായിരിയിലെ വോട്ടേഴ്സ് ലിസ്റ്റിൽ കോൺഗ്രസും ബിജെപിയും 800 വ്യാജ വോട്ടർമാരെ തിരുകിക്കയറ്റിയെന്ന് സിപിഎം ആരോപണം.
സിപിഎം പ്രവർത്തകർ സ്ലിപ് കൊടുക്കാൻ പോകുമ്പോൾ ലിസ്റ്റിലുള്ള ആരേയും കാണാറില്ല.
മണ്ഡലത്തിലാകെ 2700 ഓളം വ്യാജ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബു പറഞ്ഞു.
വോട്ടേഴ്സ് ലിസ്റ്റ് ചൂണ്ടിക്കാട്ടിയാണ് സിപിഎം ആരോപണമുന്നയിച്ചത്. ബിജെപിയുടെ ജില്ലാ പ്രസിഡന്റായ ബുത്ത് നമ്പർ 73ലെ കെ.എം ഹരിദാസ് പിരായിരിയിലും പട്ടാമ്പിയിലും വോട്ടേഴ്സ് ലിസ്റ്റിലുണ്ട്.
ആളുകളെ കുത്തിക്കയറ്റി കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയാണ്. ബിജെപിയെ ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസും ഷാഫി പറമ്പിലും പ്രവർത്തിക്കുന്നത് എന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.
ബിഎൽഒമാരെ സ്വാധീനിച്ചാണ് കോൺഗ്രസും ബിജെപിയും വോട്ടേഴ്സ് ലിസ്റ്റിൽ ആളുകളെ കുത്തിക്കയറ്റുന്നത്. വോട്ട് ചെയ്യാൻ വരുന്നവരുടെ റേഷൻ കാർഡ് കൂടി കൊണ്ടുവന്ന് പരിശോധിക്കണം എന്നും സിപിഎം പറഞ്ഞു.
എന്നാൽ സിപിഎമ്മിനെതിരെ പ്രത്യാരോപണങ്ങളുമായി കോൺഗ്രസും ബിജെപിയും രംഗത്തുവന്നു.
എൽഡിഎഫ് സ്ഥാനാർഥിയുടെയും ഭാര്യയുടെയും പേര് വ്യാജമായി ലിസ്റ്റിൽ ചേർത്തിട്ടുണ്ടെന്നായിരുന്നു കോൺഗ്രസ് ആരോപണം.