Kerala
എവിടെയോ എന്തോ തകരാറു പോലെ; പാലക്കാട് കലക്ടര്‍ക്ക്‌ സോഷ്യല്‍മീഡിയയില്‍ പൊങ്കാല
Kerala

എവിടെയോ എന്തോ തകരാറു പോലെ; പാലക്കാട് കലക്ടര്‍ക്ക്‌ സോഷ്യല്‍മീഡിയയില്‍ പൊങ്കാല

Web Desk
|
18 April 2022 5:40 AM GMT

കൃഷ്ണൻ കുട്ടിയേയും, മുഹമ്മദ് കുട്ടിയേയും ഒക്കെ ടൂവീലറിന്റെ പുറകെ ഇരുത്താൻ പറ്റുമോ സാറേ? അതും കുട്ടികളല്ലേ?

പാലക്കാട്: ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പാലക്കാട് ജില്ലയില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാല. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്ന നിര്‍ദേശം പങ്കുവെച്ചു കൊണ്ടുള്ള ജില്ലാ കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനും താഴെയാണ് ട്രോളുകളും കമന്‍റുകളും നിറയുന്നത്.


കൃഷ്ണൻ കുട്ടിയേയും, മുഹമ്മദ് കുട്ടിയേയും ഒക്കെ ടൂവീലറിന്റെ പുറകെ ഇരുത്താൻ പറ്റുമോ സാറേ? അതും കുട്ടികളല്ലേ? ഇതിലും നല്ലത് കളക്ടർ രാജി വെച്ച് പോവുന്നതാണ്,നല്ല ഒരു തീരുമാനം, കാറിൽ ഡ്രൈവർ ഒഴികെ ആരും സഞ്ചരിക്കാതിരുന്നാൽ ആ അപകട സാധ്യതയും കുറയും, ബൈക്ക് നിരോധിക്കാൻ തോന്നാത്തത് ഭാഗ്യം... കാഞ്ഞ ബുദ്ധി തന്നെ...എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.




കലക്ടറുടെ കുറിപ്പ്

ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല. പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് ഏപ്രില്‍ 20 ന് വൈകിട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു.

24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ മാസം 20 വരെയാണ് നിരോധനാജ്ഞ. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തി തൊട്ടടുത്ത ദിവസമാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ നടന്ന ഇരുകൊലപാതകങ്ങള്‍ക്കും പിന്നാലെ പകച്ചുനില്‍ക്കുകയാണ് ജില്ല. ഇനി അക്രമം ഉണ്ടാവാതിരിക്കാന്‍ ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Similar Posts