പുറത്താക്കില്ല, തരംതാഴ്ത്തല്‍ മാത്രം; കണ്ണാടി ബാങ്ക് ക്രമക്കേടിൽ നടപടി ലഘൂകരിച്ച് സി.പി.എം
|ബാങ്ക് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ പി സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം റദ്ദാക്കി.
പാലക്കാട് കണ്ണാടി ബാങ്ക് ക്രമക്കേടിൽ നടപടി ലഘൂകരിച്ച് സി.പി.എം. ബാങ്ക് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ പി സുരേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം റദ്ദാക്കി. സുരേഷിനെതിരായ നടപടി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുന്നതില്‍ ഒതുക്കും.
മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഹരിദാസിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിര്‍ത്തും. എലപ്പുള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വാസു ഉള്‍പ്പെടെയുള്ള 20 പേര്‍ക്കെതിരായ നടപടിയും മരവിപ്പിച്ചു.
സമാന്തര യോഗം വിളിച്ചെന്ന ആരോപണത്തിൽ പുതുശ്ശേരി ഏരിയ കമ്മിറ്റിയും അച്ചടക്ക നടപടികൾ റദ്ദാക്കിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി ലഘൂകരിച്ചത്. അതേസമയം ഏരിയ കമ്മിറ്റിംഗം കെ.ഉണ്ണികൃഷ്ണനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരംതാഴ്ത്തിയ നടപടി സി.പി.എം ശരിവച്ചു.
സി.പി.എം സംഘടനാസമ്മേളനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ശേഷിക്കേയാണ് പാലക്കാട് പുതുശ്ശേരി ഏരിയാകമ്മിറ്റിക്ക് കീഴില്‍ കൂട്ട നടപടിയുണ്ടായത്. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന നടപടികള്‍ ഇവരുടെ ഭാഗത്തുനിന്നുമുണ്ടായി എന്നതായിരുന്നു കണ്ടെത്തല്‍. ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് പാര്‍ട്ടി തലത്തിലുള്ള അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.