Kerala
പാലക്കാട്ടെ കൊലപാതകങ്ങൾ അപലപനീയം: ജമാഅത്തെ ഇസ്‌ലാമി
Kerala

പാലക്കാട്ടെ കൊലപാതകങ്ങൾ അപലപനീയം: ജമാഅത്തെ ഇസ്‌ലാമി

Web Desk
|
16 April 2022 12:31 PM GMT

പാലക്കാട്ട് ഇന്നലെയും ഇന്നുമായി രണ്ടു കൊലപാതകങ്ങളാണുണ്ടായത്

കോഴിക്കോട്: പാലക്കാട്ട് ഇരുപത്തിനാല് മണിക്കൂറിനകം നടന്ന ഇരു കൊലപാതകങ്ങളും ജനങ്ങളുടെ സൈ്വര്യജീവിതം തകർക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ്. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ആക്രമണം നടത്തുന്നതും മനുഷ്യരുടെ ജീവനെടുക്കുന്നതും അംഗീകരിക്കാനാവില്ലെന്നും സ്വതന്ത്രവും വേഗത്തിലുമുള്ള അന്വേഷണത്തിലൂടെ കുറ്റകൃത്യം നടത്തിയവരെ ഉടനെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണെന്നും രാഷ്ട്രീയ താൽപര്യങ്ങൾ പൊലീസിനെ സ്വാധീനിക്കാനിടവരരുതെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

രാജ്യത്തെ ഫാഷിസ്റ്റ് ശക്തികൾ തുടരുന്ന മനുഷ്യവിരുദ്ധവും രാജ്യദ്രോഹ പരവുമായ സമീപനങ്ങളെ മാനവികവും ജനാധിപത്യപരവുമായ മുന്നേറ്റങ്ങളിലൂടെയും നിയമവാഴ്ച ഉറപ്പുവരുത്തിയും മാത്രമേ പ്രതിരോധിക്കാനാവൂ. അത്തരം ബഹുജനമുന്നേറ്റം രാജ്യത്ത് ഉയർന്നു വരേണ്ടതുണ്ടെന്നും എം ഐ അബ്ദുൽ അസീസ് കൂട്ടിചേർത്തു.

രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളായവർക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയും മാന്യതയും ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതിന് കാരണമാണെന്നും രാഷ്ട്രീയ പകപോക്കലുകൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ജാഗ്രതക്കുറവും സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമാണെന്നും അബ്ദുൽ അസീസ് പറഞ്ഞു.

പാലക്കാട്ട് ഇന്നലെയും ഇന്നുമായി രണ്ടു കൊലപാതകങ്ങളാണുണ്ടായത്. വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറും ഇന്ന് ആർഎസ്എസ് നേതാവ് എസ്.കെ ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. സുബൈർ വധത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Palakkad killings condemned: Jamaat-e-Islami

Similar Posts