നീല ട്രോളി ബാഗുമായി ഫെനി നൈനാൻ; പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന്
|യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും ദൃശ്യങ്ങളിലുണ്ട്
പാലക്കാട്: ഇന്നലെ അർധരാത്രി പൊലീസ് പരിശോധന നടന്ന പാലക്കാട്ടെ ഹോട്ടലിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന്. പാലക്കാട്ടെ കെപിഎം ഹോട്ടലിൽനിന്നുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്. സിപിഎം നേതാക്കൾ കള്ളപ്പണ ഇടപാട് ആരോപണം ഉന്നയിക്കുന്ന നീല ട്രോളി ബാഗുമായി കെഎസ്യു നേതാവ് ഫെനി നൈനാൻ എത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും വി.കെ ശ്രീകണ്ഠന് എംപിയും ദൃശ്യങ്ങളിലുണ്ട്.
ഹോട്ടൽ ഇടനാഴിയിലൂടെ ഫെനി ഒരു മുറിയിലേക്ക് ട്രോളി ബാഗ് കൊണ്ടുപോകുന്നതും കുറച്ചു കഴിഞ്ഞ് ഇതേ ബാഗുമായി തിരിച്ചുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതേ മുറിയിലേക്ക് രാഹുലും ഷാഫിയും പോകുന്നുണ്ട്. തുടര്ന്ന് ഇടനാഴിയില്നിന്ന് ഇരുവരും സംസാരിക്കുകയു ചെയ്യുന്നുണ്ട്.
ഈ ട്രോളി ബാഗിൽ കള്ളപ്പണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ വേണ്ടിയാണു പണം എത്തിച്ചതെന്നായിരുന്നു സിപിഎം ആരോപണം. എന്നാൽ, ഇത് താൻ സ്ഥിരമായി വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ബാഗാണെന്ന് രാഹുൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് ഫെനി കൊണ്ടുവന്നതും വസ്ത്രങ്ങൾ പരിശോധിച്ച ശേഷം വാഹനത്തിലേക്ക് കൊടുത്തുവിട്ടതെന്നും രാഹുൽ പറഞ്ഞിരുന്നു. ട്രോളി ബാഗ് കെപിഎമ്മിലേക്ക് കൊണ്ടുവന്നതും പിന്നീട് ഇതുമായി കോഴിക്കോട്ടേക്ക് പോയ കാര്യവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിൽ കള്ളപ്പണമുണ്ടോ എന്ന് തെളിയിക്കാൻ സിപിഎം നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലിൽ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടന്നത്. കോൺഗ്രസിന്റെ വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലാണ് പൊലീസ് എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഷാനിമോൾ ഏറെനേരം വാതിൽ തുറക്കാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വനിതാ പൊലീസ് എത്തി ഐഡി കാർഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇക്കാര്യം ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
Summary: Raid in Congress leaders' room in Palakkad KPM Hotel latest updates