പാലക്കാട്ടെ കൊലപാതകം അപലപനീയം, സത്യം പുറത്തുവരട്ടെ- വി.ഡി സതീശൻ
|കൊലപാതകം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനാണ് സിപിഎം സാധാരണ ശ്രമിക്കാറുള്ളതെന്നും ആരോപിച്ചു.
പാലക്കാടെ സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അപലപിച്ചു. പൊലീസ് അന്വേഷിച്ചു സത്യം പുറത്തു വരട്ടെ എന്ന് പറഞ്ഞ അദ്ദേഹം കൊലപാതകം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനാണ് സിപിഎം സാധാരണ ശ്രമിക്കാറുള്ളതെന്നും ആരോപിച്ചു.
കൊലപാതകം സിപിഎമ്മിനുള്ളിലെ കൊലപാതകമാണെന്ന് കെ. സുധാകരൻ പൊതുവായി പറഞ്ഞതാണെന്ന് വി.ഡി സതീശൻ പറഞ്ഞു. ഭരണകക്ഷി അഭിപ്രായം പറയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ ഗൗരവമായി അന്വേഷിക്കണം'- വി.ഡി സതീശൻ ആവശ്യപ്പെട്ടു. എല്ലാ അക്രമപ്രവർത്തനങ്ങളിലും സിപിഎം ഉണ്ടെന്നും പൊലീസിനെ സിപിഎം നിർവീര്യമാക്കിയതായും വി.ഡി സതീശൻ ആരോപിച്ചു.
അതേസമയം ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. കൊല നടത്തിയിട്ട് വ്യാജ പ്രചരണം അഴിച്ചുവിടുകയാണെന്നും സിപിഎം ആരോപിച്ചു.
പിന്നിൽ രാഷ്ട്രീയ വിരോധമെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ബി.ജെ.പി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിൽ. ഷാജഹാന്റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു. എട്ട് പേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.
ഷാജഹാന്റെ മരണം അമിതമായി രക്തം വാർന്നത് മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഷാജഹാന്റെ കൈയ്യിലും കാലിലും അഞ്ച് മുറിവുകളുണ്ടായിരുന്നു. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.
ഇന്നലെ രാത്രിയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ വീടിന് മുന്നിൽ വെച്ച് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കിലെത്തിയ അക്രമി സംഘം ഷാജഹാന്റെ കാലിനാണ് ആദ്യം വെട്ടിയതെന്ന് ദൃക്‌സാക്ഷി സുരേഷ് പറഞ്ഞു. തന്റെ മകൻ ഉൾപ്പെടെയുള്ളവരാണ് ഷാജഹാനെ വെട്ടിക്കൊന്നതെന്നും സുരേഷ് മീഡിയവണിനോട് പറഞ്ഞു. അക്രമി സംഘത്തിലുണ്ടായിരുന്നവർ നേരത്തെ സി.പി.എം പ്രവർത്തകരായിരുന്നുവെന്നും ഇപ്പോൾ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുൻ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണൻ പറഞ്ഞു. 10 ദിവസം മുൻപ് ആയുധങ്ങളുമായി അക്രമികൾ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നുവെന്ന് സി.പി.എം ജില്ലാ നേതൃത്വം പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.
പാലക്കാട് ഷാജഹാൻ വധത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാനാണ് ആർ.എസ്.എസ് ശ്രമം. സർക്കാരിനെ അസ്ഥിരപ്പെടുത്താനും ശ്രമം നടക്കുന്നു. സി.പി.എം പ്രവർത്തകർ കൊല്ലപ്പെടേണ്ടവരാണെന്ന മനോഭാവമാണ് യു.ഡി.എഫിനെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.