പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യയാത്ര നിർത്തുന്നു
|സൗജന്യ യാത്ര തുടരാൻ കഴിയില്ലെന്നാണ് ടോൾ കമ്പനിയുടെ നിലപാട്
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് നൽകിയിരുന്ന സൗജന്യ യാത്ര നിർത്തലാക്കുന്നു. ജനുവരി ഒന്നു മുതൽ പ്രദേശവാസികളിൽ നിന്നും ഇളവുകൾ നൽകി ടോൾ പിരിക്കാനാണ് തീരുമാനം. പ്രതിഷേധിക്കുമെന്ന് സമര സമിതി അറിയിച്ചു.
മാർച്ച് 9നാണ് തൃശൂർ - പാലക്കാട് ദേശീയപാതയിലെ പന്നിയങ്കരയിലെ ടോൾ പിരിവ് ആരംഭിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ടോൾ ബൂത്തിന് സമീപത്തുള്ള വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, പാണഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തിലെ സ്ഥിര താമസക്കാരെ ടോൾ നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരുന്നു. സൗജന്യ യാത്ര തുടരാൻ കഴിയില്ലെന്നാണ് ടോൾ കമ്പനിയുടെ നിലപാട്. ടോൾ പ്ലാസക്ക് 20 കിലോമീറ്റർ ചുറ്റളവിൽ സ്ഥിരതാമസക്കാര്‍ ആയവർക്ക് 30 ദിവസത്തേക്ക് 315 രൂപ നിരക്കിൽ യാത്ര ചെയ്യാം. ബാക്കി ഉള്ളവർ മുഴുവൻ തുകയും നൽകണമെന്നാണ് ടോൾ പ്ലാസ അധികൃതരുടെ നിലപാട്. സ്കൂൾ വാഹനങ്ങൾ, ടാക്സികൾ എന്നിവയ്ക്ക് ഇളവു നൽകില്ല. ജനുവരി ഒന്നു മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിവ് തുടങ്ങാനാണ് തീരുമാനം. ശക്തമായ സമരം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടോൾ ഈടാക്കുന്നത് പന്നിയങ്കരയിലാണ്. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾ ഒരു ഭാഗത്തേക്ക് കടന്നുപോകാൻ 105 രൂപ നൽകണം. നേരത്തെ പ്രദേശവാസികൾ നടത്തിയ സമരത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു.