അർധരാത്രിയിലെ റെയ്ഡിൽ കലങ്ങി പാലക്കാടിന്റെ രാഷ്ട്രീയം; ഡീൽ ആരോപിച്ച് കോൺഗ്രസ്, ഭയമെന്തിനെന്ന് സിപിഎം
|രാത്രി 12 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ മൂന്ന് മണി കഴിഞ്ഞാണ് അവസാനിച്ചത്.
പാലക്കാട്: വാശിയേറിയ പോരാട്ടം നടക്കുന്ന പാലക്കാട്ട് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ വിവാദം കത്തുന്നു. ചൊവ്വാഴ്ച അർധരാത്രിയോടെ പൊലീസ് ഒരു മുന്നറിയിപ്പുമില്ലാതെ വനിതാ നേതാക്കളുടെയടക്കം മുറിയിലെത്തി പരിശോധന നടത്തിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ബിന്ദു കൃഷ്ണയുടെ മുറിയിൽ പരിശോധന നടത്തിയ പൊലീസ് ഷാനിമോൾ ഉസ്മാന്റെ മുറിയിലെത്തിയപ്പോൾ അവർ മുറി തുറക്കാൻ താമസിച്ചുവെന്നാണ് സിപിഎം ആരോപണം. വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഷാനിമോൾ.
രാത്രി ഒന്നരയോടെ എംപിമാരായ ഷാഫി പറമ്പിലും വി.കെ ശ്രീകണ്ഠനും സ്ഥലത്തെത്തി. കള്ളപ്പണ ഇടപാടിലാണ് പരിശോധനയെന്നാണ് പൊലീസ് ആദ്യം പറഞ്ഞതെങ്കിലും തർക്കം മുറുകിയതോടെ പതിവ് പരിശോധനയെന്ന് നിലപാട് മാറ്റി. രാത്രി 12 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ മൂന്ന് മണി കഴിഞ്ഞാണ് അവസാനിച്ചത്. യൂണിഫോം ഇല്ലാതെയാണ് പൊലീസ് എത്തിയതെന്നും തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും വനിതാ നേതാക്കൾ പറയുന്നു.
അതിനിടെ സിപിഎം-ബിജെപി പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയായി. കോൺഗ്രസ്-സിപിഎം പ്രവർത്തകർ പലതവണ ഏറ്റുമുട്ടി. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഹോട്ടലിലുണ്ട് എന്നായിരുന്നു സിപിഎം-ബിജെപി ആരോപണം. അതിനിടെ താൻ കോഴിക്കോട്ടാണെന്ന് അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് ലൈവിലെത്തി. കാന്തപുരത്തെ കാണുന്നതിനാണ് കോഴിക്കോട്ട് എത്തിയതെന്നും നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ചയാണെന്നും രാഹുൽ വിശദീകരിച്ചു
ഡീൽ ആരോപിച്ച് കോൺഗ്രസ്
പൊലീസിനൊപ്പം സിപിഎം-ബിജെപി പ്രവർത്തകർ ഒരുമിച്ച് റെയ്ഡിനെത്തിയത് ഇരു പാർട്ടികളും തമ്മിലുള്ള ഡീൽ ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സിപിഎം-ബിജെപി കൂട്ടുകെട്ട് തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് പൊലീസ് പരിശോധനക്കെത്തിയതെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇത്തരം റെയ്ഡുകൾ നടക്കേണ്ടത്. തങ്ങൾ അറിഞ്ഞിട്ട് പോലുമില്ലെന്നാണ് എഡിഎം എത്തിയപ്പോൾ പറഞ്ഞത്. സിപിഎം-ബിജെപി കൂട്ടുകെട്ട് ആസൂത്രിതമായി നടപ്പാക്കിയതാണ് റെയ്ഡ് എന്നും ഷാഫി ആരോപിച്ചു.
എ.എ റഹീമും എൻഡിഎ സ്ഥാനാർഥി പ്രഫുൽ കൃഷ്ണയും ചേർന്ന് തയ്യാറാക്കിയ തിരക്കഥയാണ് റെയ്ഡ് എന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോപണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കോൺഗ്രസ് പ്രവർത്തകർ റെയ്ഡ് തടഞ്ഞിട്ടില്ല. ഒരു പരാതിയുമില്ലെന്നും റെയ്ഡിൽ പണം കിട്ടിയിട്ടില്ലെന്നും പൊലീസ് തന്നെ പറഞ്ഞു. കേരളാ പൊലീസ് തന്റെ നിയന്ത്രണത്തിലല്ല. ഒരു പാർട്ടിക്കാരെപ്പോലെ എ.എ റഹീമും പ്രഫുൽ കൃഷ്ണയും ഒരുമിച്ചാണ് സമരം നയിച്ചതെന്നും രാഹുൽ ആരോപിക്കുന്നു.
കള്ളപ്പണം തന്നെ, അല്ലെങ്കിൽ ഭയമെന്തിനെന്ന് സിപിഎം
കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന മുറിയിൽ കള്ളപ്പണം സൂക്ഷിച്ചിരുന്നുവെന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്. ചില സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും എന്തിനാണ് കോൺഗ്രസ് റെയ്ഡിനെ ഭയക്കുന്നതെന്നുമാണ് ഇടത് നേതാക്കൾ ചോദിക്കുന്നത്. കോൺഗ്രസിൽനിന്ന് തന്നെ ചോർന്നുകിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന് എൽഡിഎഫ് സ്ഥാനാർഥി സരിൻ ആരോപിച്ചു. ഷാഫിയുടെ 'മോഡസ് ഓപ്പറാൻഡി' കൃത്യമായി പൊളിക്കും. പണം വരാനുണ്ടെന്ന് രണ്ട് ദിവസം മുമ്പ് തന്നെ താൻ അറിഞ്ഞിരുന്നുവെന്നും സരിൻ പറഞ്ഞു.
രണ്ട് എംപിമാർ ചേർന്ന് പൊലീസ് അന്വേഷണം അട്ടിമറിച്ചെന്ന് മന്ത്രി എം.ബി രാജേഷ് ആരോപിച്ചു. കോൺഗ്രസും ബിജെപിയും തമ്മിലാണ് യഥാർഥത്തിൽ ഡീൽ ഉള്ളത്. അവരാണ് കള്ളപ്പണം വാങ്ങിയത്. ടി.വി രാജേഷിന്റെ മുറിയാണ് പൊലീസ് ആദ്യം പരിശോധിച്ചത്. തങ്ങൾക്ക് അതിൽ പരാതിയില്ല. കോൺഗ്രസ് കുളംകലക്കി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. കള്ളപ്പണമില്ലെങ്കിൽ പിന്നെ ഭയപ്പെടുന്നത് എന്തിനാണെന്ന് എം.ബി രാജേഷ് ചോദിച്ചു.