പാലക്കാട് മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക്
|കോയമ്പത്തൂരിലെ എസ്.ഡി.പി.ഐ ശക്തികേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക
പാലക്കാട് മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. കോയമ്പത്തൂരിലെ എസ്.ഡി.പി.ഐ ശക്തികേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക. ഉക്കടം, കരിമ്പുകട സംഘങ്ങളാണോ കൊലപാതകത്തിന് പിന്നിലുള്ളതെന്ന് പരിശോധിക്കും. പ്രതികൾ സഞ്ചരിച്ചെന്ന് കരുതുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഫോൺ രേഖകളും പൊലിസ് പരിശോധിക്കുകയാണ്. ഇന്നലെ കണ്ടെത്തിയ ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം ഉടൻ ലഭിച്ചേക്കും. പാലക്കാട് ദേശീയ പാതയോരത്ത് കണ്ണന്നൂരിലാണ് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നത്. നാല് വടിവാളുകളിലൊന്നിന് മുകളിൽ രക്തക്കറയും മുടിനാരിഴയും ഉണ്ടായിരുന്നു.
നവംബർ 15ന് ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ(27) കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു എസ്ഡിപിഐയാണ് കൊലപാതകത്തിന് പിന്നിലെന്ന് ആർഎസ്എസ് ആരോപിച്ചു. ഇലപ്പുള്ളി മേഖലയിൽ എസ്ഡിപിഐ- ആർഎസ്എസ് സംഘർഷം കുറച്ചു കാലങ്ങളായി നിലനിൽക്കുന്നുണ്ട്. നേരത്തെ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. സഞ്ജിത്ത് വിവിധ കേസുകളിൽ പ്രതിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം നടന്ന സ്ഥലം ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തുന്നു.