Kerala
ഷാജഹാന്റെ ജീവനെടുത്തവർ ആര്? സത്യവും കള്ള പ്രചാരണവും
Kerala

ഷാജഹാന്റെ ജീവനെടുത്തവർ ആര്? സത്യവും കള്ള പ്രചാരണവും

അക്ഷയ് പേരാവൂർ
|
17 Aug 2022 9:21 AM GMT

ഉറ്റ സുഹൃത്തിനെ സ്വന്തം മകനും സംഘവും നിഷ്ഠൂരം വെട്ടി കൊലപ്പെടുത്തുന്നത് നോക്കി നിൽക്കാനെ സുരേഷിന് കഴിഞ്ഞുള്ളൂ...

ആഗസ്റ്റ് 14ന്‍റെ രാത്രി, നാട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുളള അവസാന വട്ട ഒരുക്കത്തിലായിരുന്നു ഷാജഹാൻ. പ്രദേശത്തെ കുഞ്ഞുങ്ങൾക്ക് നൽകാൻ മിഠായി വാങ്ങണം, അതിനുള്ള പൈസ കൈയ്യിൽ കരുതിയിട്ടുണ്ട്. ദേശീയ പതാക ഉയർത്താനുള്ള മറ്റ് ഏർപ്പാടുകളെല്ലാം ചെയ്ത ശേഷമാണ് സുഹൃത്തായ സുരേഷിനൊപ്പം ഷാജഹാൻ വീട്ടിലേക്ക് പോയത്. സമയം രാത്രി ഒമ്പതേ മുപ്പതായിക്കാണും. ഷാജഹാന്റെ വീട്ടിന് മുന്നിലെത്തിയപ്പോൾ പൊടുന്നനെ ബൈക്കുകളിൽ ആയുധങ്ങളുമായി എത്തിയ അക്രമി സംഘം സുഹൃത്തായ സുരേഷിനെ പിടിച്ചുമാറ്റി ഷാജഹാന്റെ കാലിൽ ആഞ്ഞുവെട്ടി. ആദ്യ വെട്ടിൽ തന്നെ ഷാജഹാൻ നിലത്ത് വീണു. കഴുത്തിലും കാലിലും മാറി മാറി വെട്ടി, ഒരു നിമിഷം പകച്ചുപോയ സുഹൃത്തായ സുരേഷ് അക്രമികളെ തടയാൻ ശ്രമിച്ചു. ആ ദാരുണ സംഭവത്തെ സുരേഷ് തന്നെ വിവരിച്ചത് ഇങ്ങനെയാണ്

'എന്നേയും കൊല്ല് എന്നു പറഞ്ഞ് ഷാജഹാന്റെ ദേഹത്തേക്ക് വീഴാൻ ശ്രമിച്ചപ്പോൾ അക്രമികളിൽ ഒരാൾ എനിക്കു നേരെ വാൾവീശി, സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾ പറഞ്ഞു... അയാളെ ഒന്നും ചെയ്യരുത് അതെന്റെ അച്ഛനാണ്. ഷാജഹാനെ വെട്ടിയവരിൽ എന്റെ മകനുമുണ്ടായിരുന്നു'

ഉറ്റ സുഹൃത്തിനെ സ്വന്തം മകനും സംഘവും നിഷ്ഠൂരം വെട്ടി കൊലപ്പെടുത്തുന്നത് അയാൾക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ. പിറ്റേന്ന് തന്റെ മകനും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന കാര്യം ദൃക്‌സാക്ഷിയായ സുരേഷിന് മറച്ചുപിടിക്കാമായിരുന്നു. എന്നാൽ അയാളത് ചെയ്തില്ല, മാധ്യമങ്ങളോടും പൊലീസിനോടും നാട്ടുകാരോടുമെല്ലാം ആ വിവരം അയാൾ തുറന്നുപറഞ്ഞു.

പ്രവർത്തകർ ബി.ജെ.പി അനുഭാവികൾ

ഷാജഹാൻ, അയാളൊരു സി.പി.എം പ്രവർത്തകനായിരുന്നു, സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നംങ്കാട് ബ്രാഞ്ച് സെക്രട്ടറിയും. ആറ് വർഷത്തിനിടെ തങ്ങളുടെ 17 പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് സി.പി.എം പറയുന്നത്. ബി.ജെ.പി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന്റെ എഫ്.ഐ.ആറിലും ദൃക്‌സാക്ഷിയും പറയുന്നു. കൊലപാതകങ്ങളും തിരിച്ചടികളും കേരളത്തിൽ അപൂർവ്വമല്ല.

ഓർക്കുന്നുണ്ടോ എസ്.ഡി.പി.ഐ നേതാവ് സുബൈറിനെ, ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ. പാലക്കാട് അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പേരുണ്ടായിരുന്നു. സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടിട്ട് ഈ നിമിഷം വരെ തിരിച്ചടിയുണ്ടായിട്ടില്ല എന്നത് ആശ്വാസമാണ്.. അടുത്ത കാലത്ത് സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടപ്പോഴെല്ലാം തിരിച്ചടിക്ക് പകരം പ്രകോപനങ്ങളിൽ വീഴാതെ ഇതേ സംയമന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതും.

മരണ കാരണം കഴുത്തിനും കാലിനുമേറ്റ ആഴത്തിലുള്ള വെട്ടുകൾ

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനിൽ ഞായറാഴ്ച രാത്രിയായിരുന്നു ഷാജഹാൻ കൊലക്കത്തിക്ക് ഇരയായത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ സുഹൃത്ത് സുരേഷും ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ചേർന്ന് ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷാജഹാന്റെ മരണകാരണം കഴുത്തിനും കാലിനുമേറ്റ ആഴത്തിലുള്ള വെട്ടുകളാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റ 10 വെട്ടുകളിൽ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ

കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി അനുഭാവികളായ എട്ടുപേരാണുള്ളതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പ്രതിസ്ഥാനത്തുള്ളവർ മുൻ സി.പി.എം പ്രവർത്തകർ കൂടിയാണ്, ദേശാഭിമാനി പത്രം ഇടുന്നതുമായി ബന്ധപ്പെട്ട് മുമ്പ് ഷാജഹാനും ഈ പ്രതികളുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായും പ്രദേശവാസികൾ പറയുന്നു. സംഭവ ദിവസം പ്രദേശത്ത് ഫ്‌ലക്‌സ് ബോർഡ് കെട്ടുന്നതുമായി ബന്ധപ്പെട്ടും തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസും പറയുന്നു. മുമ്പും ഷാജഹാനെ കൊലപ്പെടുത്താൻ ശ്രമമുണ്ടായിരുന്നുവെന്ന് സി.പി.എം ആരോപിക്കുന്നുണ്ട്.

രണ്ടാഴ്ച മുന്നേ മദ്യപാനത്തിനിടെ ഷാജഹാനെ തങ്ങൾ കൊല്ലുമെന്ന് പ്രതികൾ പറഞ്ഞിരുന്നുവെന്ന് ഇവരുടെ സുഹൃത്തിന്റെ മൊഴിയുമുണ്ട്. ഷാജഹാനെ വധിക്കുമെന്ന് പ്രതിസ്ഥാനത്തുള്ളവർ പറഞ്ഞിരുന്നുവെന്ന് ഷാജഹാന്റെ സഹോദരനും പറയുന്നു. കഴിഞ്ഞ സമ്മേളന കാലത്ത് പാർട്ടി വിട്ടവരാണ് പ്രതിസ്ഥാനത്തുള്ളവർ. നിലവിൽ ബിജെപിയുമായി ബന്ധം പുലർത്തുന്ന ഇവരെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഷാജഹാൻ ശ്രമം നടത്തിയിരുന്നതായി സുഹൃത്തുക്കൾ സമ്മതിക്കുന്നുണ്ട്. ഇവരുടെയെല്ലാം മൊഴികൾ പരിശോധിച്ചാൽ പൊടുന്നനെ ഉണ്ടായ പ്രകോപനമല്ല കൊലപാതക കാരണം, കൃത്യമായ ആസൂത്രണമുണ്ടായിരുന്നു.

ആർ.എസ്.എസ് - പി.എഫ്.ഐ രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും ഒന്നൊടുങ്ങി എന്ന് കരുതുന്നേരമാണ് വീണ്ടുമൊരു കൊലപാതകം കൂടി സംഭവിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 15 നാണ് പാലക്കാട് പി.എഫ്.ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെടുന്നത്. അതാകട്ടെ ആർ.എസ്.എസ് നേതാവിന്റെ കൊലപാതകത്തിനുളള പ്രതികാരവും.

കഴിഞ്ഞ വർഷം നവംബർ 15 നായിരുന്നു പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യയുമായി ബൈക്കിൽ പോകവെയായിരുന്നു സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. റോഡരികിൽ കാത്തുനിന്ന അക്രമിസംഘം വാഹനം തടഞ്ഞ് സഞ്ജിത്തിനെ വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തി. നിലവിളിച്ച ഭാര്യയെ വലിച്ച് ചാലിലേക്കിട്ടു. 15 ൽ അധികം വെട്ടുകളുണ്ടായിരുന്നു സഞ്ജിത്തിന്റെ ശരീരത്തിൽ. കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകം. നടുറോഡിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു ആ ക്രൂരകൃത്യം നടന്നത്.

പിന്നാലെ ഏപ്രിൽ 15 ന് പി.എഫ്.ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടു. സഞ്ജിത്തിന്റെ കൊലപാതകത്തിന് സമാനമായി പട്ടാപ്പകൽ അതും പിതാവിന് മുന്നിലിട്ട്. പള്ളിയിൽ നിന്ന് നിസ്‌കരിച്ച് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അക്രമം. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറുകളിലായി എത്തിയ സംഘമായിരുന്നു ആക്രമണം നടത്തിയത്. സുബൈറിനെ ഇടിച്ചുവീഴ്ത്തിയ കാർ മുമ്പ് കൊല്ലപ്പെട്ട സഞ്ജിത്തിന്റേതായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. അൻപതിലധികം വെട്ടുകളാണ് സുബൈറിന്റെ ശരീരത്തിലുണ്ടായിരുന്നത്. തലയിലും കഴുത്തിലും കൈ കാലുകളിലുമേറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്ന് രക്തം വാർന്നതായിരുന്നു മരണ കാരണം.

ഒടുങ്ങാത്ത രാഷ്ട്രീയ വൈരം

രാഷ്ട്രീയ വൈരവും കൊലപാതകങ്ങളും പതിറ്റാണ്ടുകളായി കേരളത്തിൽ രക്തം വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ സംഘർഷങ്ങളിലെ പ്രതികളെ പാർട്ടികൾ തളളിപ്പറയുകയും അവരെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അണികൾക്ക് മുന്നിൽ വച്ചുനീട്ടിയ കൊലക്കത്തികൾ നേതൃത്വങ്ങൾ തിരികെ വാങ്ങുന്നതുവരെ ഈ രാഷ്ട്രീയ കൊലകൾ കേരളത്തിന്റെ മണ്ണിൽ നടന്നുകൊണ്ടേയിരിക്കും.

Similar Posts