പാലക്കാട് സുബൈർ വധക്കേസിൽ മൂന്ന് പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
|ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരും
പാലക്കാട്: എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ആര്‍.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക കേസിൽ നിരവധി പേരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരും.
എലപ്പുളളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പേരുടെ അറസ്റ്റാണ് ഇന്നുണ്ടാവുക. സുബൈർ വധക്കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും കൊലപാതകത്തിലെ പങ്ക് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ആർ.എസ്.എസ് പ്രവർത്തകൻ എസ്.കെ ശ്രീനിവാസന്റെ കൊലപാതക കേസിൽ പലരെയും ചോദ്യംചെയ്യലിനായി വിളിച്ചു വരുത്തിയെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ശ്രീജിത്ത് വധ കേസിലെ പ്രതികൾ ഒറ്റപ്പാലം അടക്കാ പുത്തൂരിലൂടെ പോയി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന സർവകക്ഷി സമാധാന യോഗം ബി.ജെ.പി ബഹിഷ്കരിച്ചിരുന്നു. അതിനാൽ തന്നെ സമാധാന ശ്രമം തുടരാൻ തുടർചർച്ചകൾ നടത്താൻ യോഗം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് നേതാക്കളെയും ചർച്ചക്ക് വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.