Kerala
Youth congress protest palakkad
Kerala

മുഖ്യമന്ത്രിക്ക് നേരെ പാലക്കാട്ട് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

Web Desk
|
18 Feb 2023 4:59 AM GMT

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബടക്കം മൂന്ന് പേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തതിന് പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ പാലക്കാട്ട് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ സുരക്ഷ മാനിച്ച്‌ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബടക്കം നാലു പേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തതിന് പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം.

തദ്ദേശ ദിനം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പാലക്കാടെത്തിയത്. ചാലിശ്ശേരി അൻസാരി കൺവൻഷൻ സെന്ററിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിച്ചേരുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടി കാട്ടുകയായിരുന്നു. നിലവിൽ ഒരാളെ മാത്രമേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളൂവെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് ഷാനിബിനെ പൊലീസ് കരുതൽ തടങ്കലിലെടുത്തത്. ഷാനിബിനെ കൂടാതെ നേതാക്കളായ കെ.പി.എം ഷെരീഫ്, സലീം, അസീസ് എന്നിവരെയും പൊലീസ് തടങ്കലിലാക്കിയിട്ടുണ്ട്. രാവിലെ ഏകദേശം 6 മണിയോട് കൂടി ഷാനിബിനെ ചാലിശ്ശേരി പൊലീസ് വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സിആർപിസി 153ാം വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കലാണെന്നാണ് പൊലീസിന്റെ വിശദീകരണം.

സിപിഐഎമ്മിന്റെ ഓഫീസുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നേരത്തേ പാലക്കാട് പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചിരുന്നു. അന്ന് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധമുണ്ടാവുകയും ഏകദേശം നാലോളം സ്ഥലങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു

Similar Posts