പാലക്കയം മരംമുറിയിൽ വിശദമായ സർവേ നടത്തും: ഒന്നാം പ്രതി മൂസയെ കണ്ടെത്താന്‍ തിരച്ചിൽ
|രേഖകൾ പ്രകാരം വനം വകുപ്പിന്‍റെ ഭൂമിയാണിത്
പാലക്കാട് പാലക്കയം മരംമുറിയിൽ വനം വകുപ്പ് വിശദമായ സർവേ നടത്തും. ഒന്നാം പ്രതിയായ മൂസയ്ക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചു. മരം മുറിച്ച ഭൂമി വര്‍ഷങ്ങളായി തോട്ടമായി ഉപയോഗിച്ചിരുന്നതാണെന്ന വാദവുമായി നാട്ടുകാര്‍ രംഗത്തെത്തി.
രേഖകൾ പ്രകാരം വനം വകുപ്പിന്‍റെ ഭൂമിയാണിത്. വനം വകുപ്പ് പ്രാഥമികമായി സർവേയും നടത്തി. വിവാദ മരംമുറി നടന്ന ഭൂമി വീണ്ടും സര്‍വേ നടത്താനാണ് തീരുമാനം. അതിനായി മണ്ണാര്‍കാട് ഡിഎഫ്ഒ സര്‍വേ അസിസ്റ്റന്‍റ് ഡയറക്ടർക്ക് കത്ത് നല്‍കി. മരം മുറി നടന്ന സ്ഥലത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയും നടത്തി. വനം വകുപ്പിന്റെ രേഖകളിലും റവന്യൂ രേഖകളിലും നിക്ഷിപ്ത വനമെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്ന രേഖകളാണ് ലഭിച്ചതെന്ന് ഡിഎഫ്ഒ അറിയിച്ചു. പതിറ്റാണ്ടുകളായി മൂസയുടെ കൈവശമാണ് ഈ ഭൂമിയെന്ന വാദവുമായി നാട്ടുകാര്‍ രംഗത്തെത്തി.
വനം വകുപ്പ് അനുമതിയില്ലാതെ മരം മുറി നടക്കില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മൂസ തയ്യാറായില്ല. മൂസ വീട്ടിൽ നിന്നും മാറിനിൽക്കുകയാണ്. മൂസയെ കണ്ടെത്താനായി വനം വകുപ്പ് തിരച്ചിൽ ആരംഭിച്ചു. തോട്ടത്തോട് ചേർന്ന് കിടന്ന വനഭൂമി വ്യാജ രേഖ ഉണ്ടാക്കി കൈവശപ്പെടുത്തിയതാണോ എന്ന കാര്യവും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.