Kerala
ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ പ്രവാചക നിന്ദയിലൂടെ മതസൗഹാർദം ചോദ്യം ചെയ്യപ്പെട്ടു: പാളയം ഇമാം
Kerala

ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ പ്രവാചക നിന്ദയിലൂടെ മതസൗഹാർദം ചോദ്യം ചെയ്യപ്പെട്ടു: പാളയം ഇമാം

Web Desk
|
10 July 2022 2:53 AM GMT

പ്രവാചക നിന്ദ നടത്തുന്നവർ ഉദ്ദേശിക്കുന്നത് പ്രകോപനം ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനാണെന്നും സുഹൈബ് മൗലവി പറഞ്ഞു

തിരുവനന്തപുരം: ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ പ്രവാചക നിന്ദയിലൂടെ മതസൗഹാർദം ചോദ്യം ചെയ്യപ്പെട്ടെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാരുകളും നീതിപീഠവും ശ്രദ്ധിക്കണം. പ്രവാചക നിന്ദ നടത്തുന്നവർ ഉദ്ദേശിക്കുന്നത് പ്രകോപനം ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനാണെന്നും സുഹൈബ് മൗലവി പറഞ്ഞു. പാളയം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിനിടെയായിരുന്നു ഇമാമിന്‍റെ പരാമർശം.

പ്രവാചകനിന്ദ നടത്തുന്നവര്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത് പ്രകോപനമാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനാണ്. സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ പ്രകോപനത്തിന് നമ്മള്‍ വശംവദരാകരുത്. കാരണം പ്രവാചകനിന്ദ പോലുള്ള കാര്യങ്ങള്‍ സമൂഹത്തില്‍ നടത്തുമ്പോള്‍ ആരൊക്കെ അതുചെയ്യുന്നുണ്ടോ അവരെല്ലാം ഉദ്ദേശിക്കുന്നത് ഒരു വിഭാഗം വിശ്വാസി സമൂഹത്തെ പ്രകോപിപ്പിക്കുകയും അതിലൂടെ ഭിന്നതയുണ്ടാക്കാനുമാണ്. തിന്‍മയെ നന്‍മ കൊണ്ടു തടയുക. അതാണ് വിശുദ്ധ ഖുര്‍ആന്‍റെ ആഹ്വാനം. അതാണ് സര്‍ഗാത്മകമായ പ്രതിരോധമെന്നും സുഹൈബ് മൗലവി പറഞ്ഞു.

സുപ്രീംകോടതി അടക്കം ഇതിൽ ഇടപെട്ടു. ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാരുകളും നീതിപീഠവും ശ്രദ്ധിക്കണം. മഹാൻമാർ ഏത് മതസ്ഥർ ആയാലും ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകം ദുരൂഹമാണ്. അതിന്‍റെ നിജസ്ഥിതി വ്യക്തമാകണം. യഥാർത്ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരണം. ഇത്തരം കലാപങ്ങൾ പ്രവാചക സ്നേഹമല്ല. പ്രവാചക സ്നേഹത്തിന്‍റെ പേരിൽ ആരും ആരെയും കൊല ചെയ്യരുത്. രാജ്യത്ത് മുസ്‍ലിമുകള്‍ ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലമാണ്. ഇന്ത്യയിലെ മതേതര വിശ്വാസം തികഞ്ഞ നിരാശയിലാണ്. ഗ്യാൻ വാപി മസ്ജിദ് പളളിയായും കാശി വിശ്വനാഥ് ക്ഷേത്രമായും നിലകൊള്ളണം. അപ്പോഴാണ് ബഹുസ്വരത ഉണ്ടാവുകയെന്നും പാളയം ഇമാം പറഞ്ഞു. പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുമ്പോൾ ക്ഷമ കെട്ട് പ്രതികരിക്കരുത് പകരം ക്ഷമയോടെ പ്രാർഥിക്കുകയാണ് വേണ്ടതെന്ന സന്ദേശം കൂടി നൽകിയാണ് ഇമാം പ്രസംഗം അവസാനിപ്പിച്ചത്.



Similar Posts