ഏകീകൃത സിവില്‍ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുമെന്ന് പാളയം ഇമാം
|ഏകീകൃത സിവില്‍കോഡ് ഭരണഘടനക്ക് എതിരാണെന്നും സുഹൈബ് മൗലവി പറഞ്ഞു
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി . ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉചിതമല്ല. ഏകീകൃത സിവില്‍കോഡ് ഭരണഘടനക്ക് എതിരാണെന്നും സുഹൈബ് മൗലവി പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകീകൃത സിവിൽകോഡ് ഭരണഘടനയ്ക്ക് എതിരാണ്. ഇതു നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം. ഏക സിവിൽ കോഡിനെ ഒരുമിച്ച് നിന്ന് എതിർക്കണം. മണിപ്പൂരിൽ വലിയ കലാപം നടക്കുന്നു. ധ്രുവീകരണ രാഷ്ട്രീയം നാടിന്റെ സമാധാനം തകർക്കുമെന്നാണ് മണിപ്പൂർ തെളിയിക്കുന്നതെന്നും ഇമാം പറഞ്ഞു. കേരള സ്റ്റോറി തെറ്റിദ്ധരിപ്പിക്കുന്ന സിനിമയാണെന്നും സ്നേഹവും സാഹോദര്യവും തകർക്കാനേ സിനിമ സഹായിക്കൂ.ഒരു മതത്തെയും സംസ്ഥാനത്തെയും അപമാനിക്കാൻ മാത്രമേ ഇത് ഉപകരിക്കൂവെന്നും പാളയം ഇമാം പറഞ്ഞു.