Kerala
Leve Palestina song
Kerala

വാഴ്ക വാഴ്ക വാഴുക പലസ്തീനേ; ലിവ പലസ്തീന പാട്ടിന്‍റെ മറ്റൊരു മലയാളം പതിപ്പ്

Web Desk
|
13 Jun 2024 2:31 AM GMT

ഷമീന ബീഗം ഫലാക്ക് ആണ് മനോഹരമായി മലയാളത്തിലേക്ക് മൊഴി മാറ്റിയത്

കോഴിക്കോട്: സ്വീഡിഷ് ബാൻഡായ കൊഫിയയുടെ പ്രസിദ്ധമായ ഫലസ്തീനിയൻ പോരാട്ട പാട്ടായ 'ലിവ പലസ്തീന'ക്ക് (Leve Palestina) ഇതാ മറ്റൊരു മലയാളം പതിപ്പ് കൂടി. ഷമീന ബീഗം ഫലക് ആണ് പാട്ട് മനോഹരമായി മലയാളത്തിലേക്ക് മൊഴിമാറ്റിയത്. 'നവമലയാളി' എഡിറ്റര്‍ സ്വാതി ജോര്‍ജ് പാടി അവതരിപ്പിച്ച പുതിയ മലയാളം പതിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

ലിവ പലസ്തീനയുടെ മലയാളം മൊഴിമാറ്റം

വാഴ്ക വാഴ്ക

വാഴുക പലസ്തീനേ

വാഴുക പലസ്തീനേ,

തുലയട്ടെ സയണീസം

വിത്തു വിതച്ചത് പാലസ്തീന്‍

കൊയ്തു മെതിച്ചത് പാലസ്തീന്‍

വിളവ് പറിച്ചത് പലസ്തീന്‍

ഒലിവ് ചതച്ചത് പലസ്തീന്‍

ഈ മണ്ണാണ് എല്ലാം

ലോകര്‍ക്കതറിയാം

ഈ മണ്ണാണ് ഉയിരും

ലോകത്തിന്നറിയാം

വാഴ്ക വാഴ്ക

വാഴുക പലസ്തീനേ

വാഴുക പലസ്തീനേ,

തുലയട്ടെ സയണീസം

ബുള്‍ഡോസര്‍ വന്നു ചതച്ചപ്പോൾ

കവണക്കല്ല് തൊടുത്തു നാം

മിസൈല് വന്നു പതിച്ചപ്പോൾ

കഫിയ്യ കൊണ്ട് തടുത്തു നാം

പട്ടാളക്കാര്‍ വന്നപ്പോൾ

നെഞ്ച് വിരിച്ച് തടഞ്ഞു നാം

ഇതെല്ലാം പ്രതിരോധം

ലോകര്‍ക്കിതറിയാം

ഇതെല്ലാം പോരാട്ടം

ലോകത്തിന്നറിയാം

വാഴ്ക വാഴ്ക

വാഴുക പലസ്തീനേ

വാഴുക പലസ്തീനേ,

തുലയട്ടെ സയണീസം

സാമ്രാജ്യത്വക്കോട്ടകള്‍ നാം

അടിവേരില്‍ ചെന്ന് തെറിപ്പിക്കും

സമത്വസുന്ദരലോകത്തിന്‍

വിത്തുകള്‍ പാകി മുളപ്പിക്കും

അത് കാണും ഈലോകം ;

കാലംസാക്ഷിയാകും

വാഴ്ക വാഴ്ക

വാഴുക പലസ്തീനേ

വാഴുക പലസ്തീനേ,

തുലയട്ടെ സയണീസം

നേരത്തെ കോഴിക്കോട് ഇഖ്റ ​ആശുപത്രിയിലെ പർച്ചേഴ്സ് മാനേജർ ജാബിർ സുലൈമും പാട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. മ്യൂസിക് വീഡിയോയിലെ പ്രധാന ഗായകനും ജാബിറായിരുന്നു. റബീഅ റാബിയ, സലാം ബുസാമ, റഷീദ്, കബീർ തിരൂർ എന്നിവരും ആലപാന സംഘത്തിലുണ്ട്. മ്യൂസിക് സ്കോർ നിർവഹിച്ചിരിക്കുന്നത് സമീർ അലിയാണ്.

ഗസ്സയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിക്കെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോള്‍ ഉയര്‍ന്നുകേട്ട ഗാനമായിരുന്നു ​‘ലെവ പലസ്തീന, ക്രോസ സയണിസ്മെൻ’ (ഫലസ്തീൻ നീണാൾ വാഴട്ടെ, സയണിസം തകരട്ടെ). സ്വീഡിഷ് ബാൻഡായ കൊഫിയ 1970കളിൽ പുറത്തിറക്കിയ ഗാനമാണിത്.

1972ല്‍ സ്വീഡനിലാണ് ‘കൊഫിയ’ എന്ന ബാൻഡ് രൂപീകൃതമാകുന്നത്. ഫലസ്തീനിൽനിന്ന് കുടിയേറിയ ജോർജ് ടോട്ടാരിയാണ് ബാൻഡിന്‍റെ സ്ഥാപകൻ. പരമ്പരാഗത ശിരോവസ്ത്രമായ കെഫിയയുടെ സ്വീഡിഷ് പേരാണ് കൊഫിയ. ഇസ്രായേൽ എന്ന അധിനിവേശ രാജ്യം സ്ഥാപിതമാകുന്നതിന്റെ രണ്ട് വർഷം മുമ്പ് 1946ൽ നസ്രത്തിലാണ് ടോട്ടാരി ജനിച്ചത്. ക്രിസ്ത്യൻ മതവിശ്വാസിയായ ടോട്ടാരി തന്റെ ചെറുപ്പക്കാലത്ത് ചർച്ചുകളിലും മറ്റും സ്ഥിരമായി പാടാറുണ്ടായിരുന്നു. 1967ലെ യുദ്ധത്തിന് ശേഷം അദ്ദേഹം സ്വീഡനിലേക്ക് കുടിയേറി. ​

ടോട്ടാരി സ്വീഡനിലെത്തുമ്പോൾ അവിടത്തെ രാഷ്ട്രീയ നേതൃത്വം ഫലസ്തീനിലെ ഇസ്രായേലിന്റെ അധിനിവേശത്തെ പിന്തുണക്കുന്നവരായിരുന്നു. സാധാരണക്കാർക്ക് ഫലസ്തീൻ ജനതക്ക് വേണ്ടി ശബ്ദിക്കാൻ കഴിയാത്ത കാലം. ഇതോടെയാണ് മ്യൂസിക് ബാൻഡുമായി ടോട്ടാരി രംഗത്തുവരുന്നത്.

നാല് ആൽബങ്ങളാണ് പ്രധാനമായും ഇവർ പുറത്തിറക്കിയത്. ഫലസ്തീൻ മൈ ലാൻഡ് (1976), എർത്ത് ഓഫ് മൈ ഹോംലാൻഡ് (1978), മവ്വൽ ടു മൈ ഫാമിലി ആൻഡ് ലവ്ഡ് വൺസ് (1984), ലോങ് ലിവ് ഫലസ്തീൻ (1988) എന്നിവയാണ് അവ. കൊഫിയയുടെ ഗാനങ്ങളിലൂടെ അവർ ഇസ്രായേലിന്റെ സയണിസ്റ്റ് പ്രത്യയശാസ്ത്രത്തെ എതിർക്കുകയും ഫലസ്തീൻ ജനതയുടെ അവകാശങ്ങളെയും പോരാട്ടങ്ങളെയും പിന്തുണക്കുകയും​ ചെയ്തു.

Similar Posts