ഫലസ്തീൻ ഐക്യദാർഢ്യം; യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്ത് വിദ്യാർഥികൾ
|എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയാണ് പതിനായിരം വിദ്യാർഥികളെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചത്.
അരീക്കോട്: ഫലസ്തീനിൽ കൊന്നൊടുക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കായി എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പതിനായിരം വിദ്യാർഥികളെ അണിനിരത്തി യുദ്ധവിരുദ്ധ പ്രതിജ്ഞയും ഐക്യദാർഢ്യവും സംഘടിപ്പിച്ചു. ധാർമികതയാണ് മാനവികതയുടെ ജീവൻ എന്ന പ്രമേയത്തിൽ അരീക്കോട് വെച്ചു നടന്ന ഹൈസെക് വിദ്യാർഥി സമ്മേളനത്തിലാണ് ഫലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം നടന്നത്.
എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ് ലഹ് ചെങ്ങര യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എസ്.എം ഭാരവാഹികളായ സുഹ്ഫി ഇംറാൻ മദനി, സഅദുദ്ധീൻ സ്വലാഹി, ശാഹിദ് മുസ്‍ലിം ഫാറുഖി, അനസ് മഞ്ചേരി, ഷഫീഖ് സ്വലാഹി, ഫായിസ് മദനി, ജംഷീദ് ഇരിവേറ്റി, ലബീബ് സിയാംകണ്ടം, അബ്ദുസ്സലാം ശാക്കിർ എന്നിവർ നേതൃത്വം നൽകി.
ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി തലത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി കേരളത്തിലെ മറ്റ് ജില്ലകളിലും വിദേശ രാജ്യങ്ങളിലും നടക്കുന്ന ഹൈസെക് വിദ്യാർത്ഥി സമ്മേളനങ്ങളിൽ ഫലസ്തീൻ കുഞ്ഞുങ്ങൾക്കായുള്ള ഐക്യദാർഢ്യവും യുദ്ധവിരുദ്ധ പ്രതിജ്ഞയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .