പാലിയേക്കരയിൽ കോൺഗ്രസ് പ്രതിഷേധം: ടോൾ പ്ലാസ തകർത്തു
|ഇ.ഡി റെയ്ഡിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധവുമായെത്തിയത്
ഇ ഡി റെയ്ഡിന് പിന്നാല പാലിയേക്കര ടോൾപ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി പ്രദേശം വളഞ്ഞ പ്രവർത്തകർ ടോൾ പ്ലാസ തകർത്തു.
ടോൾ പ്ലാസയിൽ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നാരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം കനത്തതോടെ പല ടോൾ ഗേറ്റുകളും പ്രവർത്തകർ പിഴുതു മാറ്റി. ജീവനക്കാരെ ബൂത്തുകളിലിരുത്താൻ അനുവദിക്കാതെ പ്രതിഷേധക്കാർ പുറത്തിറക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പാലിയേക്കര ടോൾ കമ്പനിയായ ജിഐപിഎല്ലിന്റെ 125.21 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചിരുന്നു. റോഡ് നിർമാണത്തിന്റെ ഉപകരാർ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടിയുടെ നിക്ഷേപവും ഇഡി മരവിപ്പിച്ചു. മണ്ണുത്തി, ഇടപ്പള്ളി ദേശീയപാത നിർമാണം ഏറ്റെടുത്ത കമ്പനിയാണിത്. റോഡ് നിർമാണത്തിന്റെ ഉപകരാർ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടി രൂപയുടെ നിക്ഷേപവും മരവിപ്പിച്ചു.
ദേശീയപാതയുടെ നിർമാണം പൂർത്തിയാകും മുമ്പേ ടോൾ പിരിവ് തുടങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(NHAI )യെ പറ്റിച്ചതോടെയാണ് നടപടി. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിൽ റെയ്ഡ് നടന്നിരുന്നു. സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇ.ഡി അന്വേഷണം. ദേശീയപാതയുടെ നിർമാണം പൂർത്തിയാകും മുമ്പേ ടോൾ പിരിവ് തുടങ്ങിയെന്നും പണം കമ്പനി മ്യൂച്ച്വൽ ഫണ്ടുകളില് നിക്ഷേപിക്കുകയാണെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം മരവിപ്പിച്ചത്.
കെ.എം.സി. കമ്പനിയുടെ പകുതി ഷെയറുകൾ ജി.ഐ.പി.എൽ., ബി.ആർ.എൻ.എൽ കമ്പനികൾക്ക് വിറ്റത് NHAI അറിയാതെയാണെന്നും ദേശീയപാതയിലെ ബസ് ബേ നിർമാണം പൂർത്തിയാക്കാതെ തന്നെ ടോൾ പിരിച്ചതിലും അപാകതയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ 125 .21 കോടി രൂപയുടെ അധിക വരുമാനം കമ്പനി ഉണ്ടാക്കിയതായാണ് ആരോപണം.
കൊൽക്കത്ത ആസ്ഥാനമായുള്ള ഭാരത് റോഡ് നെറ്റ് വർക്ക് ലിമിറ്റഡ്, ജി.ഐ.പി.എൽ., ഹൈദരാബാദ് ആസ്ഥാനമായ കെ എം.സി കൺസ്ട്രക്ഷൻസ് ലിമിറ്റഡ് എന്നിവിടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ജി.ഐ.പി.എൽ പാലിയേക്കര ഓഫിസിലും പരിശോധന നടത്തി. ദേശീയപാത നിർമാണത്തിൽ 102.44 കോടി രൂപയുടെ നഷ്ടം കരാർ കമ്പനികൾ ഉണ്ടാക്കിയെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി. 2006 മുതൽ 2016 വരെയായിരുന്നു റോഡ് നിർമാണത്തിൽ തട്ടിപ്പ് നടത്തിയത്.