Kerala
Panchayat to collect money for jaundice patients in Ernakulam Vengoor
Kerala

വേങ്ങൂരിൽ മഞ്ഞപ്പിത്ത ബാധിതർക്കായി ധനസമാഹരണം നടത്താൻ പഞ്ചായത്ത് തീരുമാനം

Web Desk
|
14 May 2024 10:10 AM GMT

ചികിത്സക്ക് പണമില്ലാത്ത രോഗബാധിതരുടെ അവസ്ഥ മീഡിയവൺ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു

എറണാകുളം: വേങ്ങൂരിൽ മഞ്ഞപ്പിത്ത ബാധിതർക്കായി ധനസമാഹരണം നടത്താൻ പഞ്ചായത്തിന്റെ തീരുമാനം. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും ധനസഹായം നൽകും. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഫണ്ട് പിരിക്കാൻ തീരുമാനിച്ചത്. ചികിത്സക്ക് പണമില്ലാത്ത രോഗബാധിതരുടെ അവസ്ഥ മീഡിയവൺ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചായത്തിന്റെ തനത് ഫണ്ട് നൽകാൻ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് കരൾമാറ്റത്തിന് നിർദേശം ലഭിച്ചവരും വെന്റിലേറ്ററിൽ കഴിയുന്നവരുമുൾപ്പടെയുണ്ടായിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലുണ്ടായിരുന്നില്ല. രോഗികളിൽ ഭൂരിഭാഗവും സാധാരണക്കാരായതിനാൽ ഇവരുടെ ചികിത്സയ്ക്കായി 10 ലക്ഷം രൂപയുടെ ധനസമാഹരണം നടത്താൻ സർക്കാരിനോടും ജില്ലാ കലക്ടറോടും അനുമതി തേടിയിരുന്നു. എന്നാൽ അനുമതി ലഭിച്ചില്ല.

ഇതോടെയാണ് എംപിയുടെയും എംഎൽഎയുടെയുമൊക്കെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ഫണ്ട് സമാഹരണത്തിന് തീരുമാനമായത്. പഞ്ചായത്ത് പ്രസിഡന്റ് ശിൽപയുടെയും വേങ്ങൂരിലെ ജില്ലാ കമ്മിറ്റിയംഗത്തിന്റെയും പേരിൽ അക്കൗണ്ട് എടുത്തതിന് ശേഷം വീടുവീടാന്തരം ഇറങ്ങി പിരിക്കുകയാണ് ലക്ഷ്യം.

രോഗികൾ വലിയ രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്ത് അടിയന്തരമായി തീരുമാനമെടുത്തത്.

Similar Posts