Kerala
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന്  ടോൾ പിരിക്കില്ല
Kerala

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കില്ല

Web Desk
|
3 Jan 2023 1:35 AM GMT

ദേശീയപാത അതോറിറ്റി അധികൃതരുമായി നടത്തിയ പി.പി സുമോദ് എം.എൽ.എ ചർച്ചയിലാണ് തീരുമാനം

പന്നിയങ്കര: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് തത്കാലം ടോൾ പിരിക്കില്ല . ദേശീയപാത അതോറിറ്റി അധികൃതരുമായി നടത്തിയ പി.പി സുമോദ് എം.എൽ.എ ചർച്ചയിലാണ് തീരുമാനം. പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ കരാർ കമ്പനി തീരുമാനിച്ച പശ്ചാത്തലത്തിലാണ് എം.എൽ.എ യോഗം വിളിച്ചത്. ടോൾ പിരിവ് ആരംഭിച്ചാൽ സമരത്തിന് നേതൃത്വം നൽകുമെന്ന് എം.എൽ.എ തന്നെ അറിയിച്ചതോടെയാണ് കരാർ കമ്പനി ടോൾ പിരിവിൽ നിന്ന് താൽക്കാലികമായി പിൻമാറിയത്.

ജനുവരി ഒന്നു മുതൽ പ്രദേശവാസികളിൽ നിന്നും ഇളവുകൾ നൽകി ടോൾ പിരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മാർച്ച് 9നാണ് തൃശൂർ - പാലക്കാട് ദേശീയപാതയിലെ പന്നിയങ്കരയിലെ ടോൾ പിരിവ് ആരംഭിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ടോൾ ബൂത്തിന് സമീപത്തുള്ള വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, പാണഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തിലെ സ്ഥിര താമസക്കാരെ ടോൾ നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരുന്നു. സൗജന്യ യാത്ര തുടരാൻ കഴിയില്ലെന്നായിരുന്നു ടോൾ കമ്പനിയുടെ നിലപാട്. ടോൾ പ്ലാസക്ക് 20 കിലോമീറ്റർ ചുറ്റളവിൽ സ്ഥിരതാമസക്കാര്‍ ആയവർക്ക് 30 ദിവസത്തേക്ക് 315 രൂപ നിരക്കിൽ യാത്ര ചെയ്യാം. ബാക്കി ഉള്ളവർ മുഴുവൻ തുകയും നൽകണമെന്നായിരുന്നു ടോൾ പ്ലാസ അധികൃതരുടെ നിലപാട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടോൾ ഈടാക്കുന്നത് പന്നിയങ്കരയിലാണ്. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾ ഒരു ഭാഗത്തേക്ക് കടന്നുപോകാൻ 105 രൂപ നൽകണം. നേരത്തെ പ്രദേശവാസികൾ നടത്തിയ സമരത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു.



Similar Posts