'പാനൂരിലെ ബോംബ് നിർമാണം മുഖ്യമന്ത്രിയുടെ അറിവോടെ'; എം.എം ഹസൻ
|''ബോംബ് നിർമാണത്തിന് സി.പി.എം ഫണ്ട് ചെയ്യുന്നു''
തിരുവനന്തപുരം: പാനൂരിലെ ബോംബ് നിർമാണം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. 'ബോംബ് നിർമാണത്തിന് സി.പി.എം ഫണ്ട് ചെയ്യുന്നു.തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. പിടിയിലാവുമ്പോൾ സാമൂഹിക വിരുദ്ധരാണെന്ന് പറയും'. യു.ഡി.എഫ് പ്രവർത്തകരെ അക്രമിക്കാൻ ഉണ്ടാക്കിയതാണ് ഈ ബോംബുകളെന്നും ഹസന് മീഡിയവണിനോട് പറഞ്ഞു.
അതേസമയം, സി.എ.എക്ക് എതിരായ നിലപാടിൽ നിന്ന് യുഡിഎഫ് പിന്നോട്ടില്ലെന്നും ഹസന് പറഞ്ഞു.'കരിനിയമങ്ങൾ റദ്ദാക്കുമെന്ന് പ്രകടന പത്രികയിൽ ഉണ്ട്. കോട്ടയത്തെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ തർക്കത്തിൽ ഇടപെടില്ലെന്നും അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും' എം.എംഹസൻ പറഞ്ഞു.
'യു.ഡി.എഫിൽ നിന്ന് അകന്നവരെല്ലാം തിരിച്ചെത്തി.വിവിധ സാമൂഹിക വിഭാഗങ്ങൾ യു.ഡി.എഫിലേക്ക് തിരികെ എത്തി.കോൺഗ്രസ് വിട്ടുപോയവർക്ക് ഒന്നും ജനപിന്തുണയില്ല.കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിച്ചു'.. അദ്ദേഹം പറഞ്ഞു.
പാനൂരിൽ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടയാള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എമ്മിന്റെ രക്തസാക്ഷിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചിരുന്നു. 'രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സി.പി.എം മാറിക്കഴിഞ്ഞു. പരാജയ ഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികള്‍ക്ക് ബോംബ് നിര്‍മ്മണ പരിശീലനം നല്കുന്ന സി.പി.എമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?
പാനൂരിലെ ബോംബ് നിര്‍മാണവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞതിന് പിന്നാലെയാണ് പാർട്ടിയുടെ പ്രാദേശിക നേതാക്കള്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്. ടി.പി ചന്ദ്രശേഖരന് കൊലക്കേസിലും സി.പി.എം ഇതുതന്നെയാണ് ചെയ്തത്. കൊലപാതകത്തില്‍ ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളും കൊലയാളികള്‍ക്ക് രക്ഷാകവചമൊരുക്കിയത്'.. വി.ഡി സതീശന് പറഞ്ഞു.