'മാപ്പിളമാർ എനിക്ക് വട്ടപ്പൂജ്യം, നഖ്‍വിയുടെ സ്ഥാനം തെറിപ്പിച്ചത് ഞാൻ, സെക്രട്ടറിയേറ്റ് ഭരിക്കുന്നത് എൻ.ഡി.എഫ്'-വര്‍ഗീയ പരാമര്‍ശത്തില്‍ നടപടി
|''ഞാൻ ഷംസീറിനെ മൈൻഡ് ചെയ്യാറില്ല. സുധാകരനെ കണ്ടിട്ടാണ് കോൺഗ്രസിനോട് ആഭിമുഖ്യമുള്ളത്.''
കണ്ണൂർ: മുസ്‌ലിംകൾക്കെതിരെ കടുത്ത വംശീയാധിക്ഷേപവുമായി പാനൂർ നഗരസഭാ സെക്രട്ടറി. മുൻ പി.എസ്.സി ചെയർമാനും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ടി.എം സാവാൻകുട്ടി, നഗരസഭാ ഭാരവാഹികൾ എന്നിവർക്കെതിരെയാണ് സെക്രട്ടറി എ. പ്രവീണിന്റെ രൂക്ഷഭാഷയിലുള്ള വർഗീയ പരാമർശങ്ങൾ. പ്രവീണും നഗരസഭയിലെ എൽ.ഡി ക്ലർക്ക് അശോകനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണു പുറത്തായത്. സംഭവത്തിൽ വൻ പ്രതിഷേധമുയർന്നതിനു പിന്നാലെ സെക്രട്ടറിയെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിട്ടുണ്ട്.
മാപ്പിളമാർ തനിക്കു വട്ടപ്പൂജ്യമാണെന്നു പറയുന്ന പ്രവീൺ പിണറായി സർക്കാർ ഭരണത്തിൽ സെക്രട്ടറിയേറ്റ് ഭരിക്കുന്നത് എൻ.ഡി.എഫ് ആണെന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ട്. പെരിങ്ങത്തൂരിൽ 25 വർഷംമുൻപ് മുഴുവൻ തീവ്രവാദികളാണെന്നും ഇദ്ദേഹം അധിക്ഷേപിക്കുന്നു. ടി.എം സാവാൻകുട്ടിയും മുസ്്‌ലിം ലീഗുകാരുമെല്ലാം പാകിസ്താനു വേണ്ടി മുദ്രാവാക്യം വിളിച്ചവരാണെന്നും ഇസ്‌ലാമികരാജ്യം സ്വപ്‌നം കണ്ടുനടക്കുന്നവരാണെന്നും ആരോപണം തുടരുന്നു.
മുസ്ലിംലീഗ് സംസ്ഥാന നേതാവ് പൊട്ടങ്കണ്ടി അബ്ദുല്ല, പാനൂർ നഗരസഭ ചെയർമാൻ വി. നാസർ, നഗരസഭ വികസനകാര്യ അധ്യക്ഷൻ ടി.കെ ഹനീഫ്, നഗരസഭ കൗൺസിലർ എം.പി.കെ അയ്യൂബ് എന്നിവരെ പേരെടുത്തു പറഞ്ഞാണ് സെക്രട്ടറിയുടെ വംശീയാധിക്ഷേപം. 1921ലും അഫ്ഗാനിലുമെല്ലാം ചെയ്ത സ്വഭാവമാണ് ഇവർ പുറത്തെടുക്കുന്നതെന്നും ഇവരെ ഇ.ഡിയെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ച് ഉത്തർപ്രദേശിലെ ജയിലിലടപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട് പ്രവീൺ. സ്പീക്കർ എ.എൻ ഷംസീറിനെ വിലവയ്ക്കാറില്ലെന്നും ബി.ജെ.പി നേതാവ് മുഖ്താർ അബ്ബാസ് നഖ്‌വിയെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയത് താനാണെന്നുമുള്ള അവകാശവാദവും നടത്തുന്നുണ്ട് ഇദ്ദേഹം.
വർഗീയ പരാമർശം പുറത്തെത്തിയതിനു പിന്നാലെ സെക്രട്ടറി എ. പ്രവീണിനെ സ്ഥലംമാറ്റിയിട്ടുണ്ട്. വയനാട് മാനന്തവാടി നഗരസഭയിലേക്കാണു സ്ഥലംമാറ്റിയത്. നഗരസഭ ഭരിക്കുന്ന യു.ഡി.എഫ് സമിതി ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടു. സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയും ഇതേ ആവശ്യമുയർത്തി. സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് നഗരസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി പ്രവീണിനെ സ്ഥലംമാറ്റി സർക്കാർ ഉത്തരവ് പുറത്തുവന്നത്.
വിവാദ ശബ്ദരേഖയിൽനിന്ന്:
നാസർ മാഷ്, അയ്യൂബ്, ഹനീഫ എല്ലാവരും ഒരു ടീമാണ്. ഇവരെ ഇ.ഡിയെക്കൊണ്ട് ഉത്തർപ്രദേശിലെ ജയിലിൽ അടപ്പിക്കും. ഞാൻ പറച്ചിൽ മാത്രമല്ല.
പെരിങ്ങത്തൂരിലെ മാപ്പിളമാര് എനിക്ക് വട്ടപ്പൂജ്യമാണ്. പെരിങ്ങത്തൂർ ടൗണിൽ 25 കൊല്ലം മുൻപ് നോക്കുമ്പോൾ മുഴുവൻ തീവ്രവാദികളാണ്. എൻ.ഡി.എഫും ടീമുമായിരുന്നു.
1921ൽ ചെയ്തതും അഫ്ഗാനിൽ ചെയ്തതും ഇതേ സ്വഭാവമാണ്. മാപ്പിളച്ചൊവയാണിത്. ഇവരുടെ ഇസ്‌ലാമിക് ബ്രദർഹുഡിന് അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ല. എൻ.ഡി.എഫ് ആണ് പിണറായി ഭരണത്തിൽ സെക്രട്ടറിയേറ്റ് ഭരിക്കുന്നത്.
ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് മാപ്പിളമാരെ കാര്യത്തിനു വേണ്ടി മാത്രമായി ഉണ്ടാക്കിയ സംഘടനയാണ്. 47ൽ സ്വാതന്ത്ര്യം കിട്ടുമ്പോൾ എന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണ്. അന്ന് അച്ഛന്റെ ടീമിലുണ്ടായിരുന്നയാളാണ് സാവാൻകുട്ടി. പണ്ട് ടിപ്പു മതം മാറ്റിയവരാണ് ഇവർ.
പണ്ട് പി.എസ്.സി ചെയർമാനായിരുന്നു സാവാൻകുട്ടി. സ്വാതന്ത്ര്യം കിട്ടുന്നതിന്റെ തലേന്നാൾ സാവാൻകുട്ടിയും ലീഗുകാരും ചൂട്ടുമായി നടത്തിയ മുദ്രാവാക്യം 'കിട്ടണം നമ്മക്ക് പാകിസ്താൻ, അല്ലെങ്കിൽ ഖബറിസ്ഥാൻ' എന്നാണ്. ആ സാവാൻകുട്ടിയാണ് പിന്നീട് ലീഗിന്റെ വഴിക്ക് പി.എസ്.സി ചെയർമാനായത്. മാപ്പിളമാർക്ക് സ്വതന്ത്രമായി നിൽക്കാൻ ഒരു രാജ്യം വേണമെന്നാണ് അവർ പറഞ്ഞിരുന്നത്. കാഫിറുകളായ ഹിന്ദുക്കൾക്കിടയിൽ നിൽക്കാൻ പറ്റില്ല അവർക്ക്. ആ പറഞ്ഞ ലീഗിന്റെ വാലാണ് ഇപ്പോഴുള്ള മുസ്‌ലിം ലീഗ്.
മാപ്പിളമാരെ മാത്രം പാർട്ടിയാണ് മുസ്‌ലിം ലീഗ്. നാസർ അറബിക്കോളജിലെയോ, എൽ.പി സ്‌കൂളിലെയോ മാഷാണ്. പ്രസിഡന്റാണെന്നതൊക്കെ ശരിയാണെങ്കിലും എന്റെ മുകളിൽ വിളയാടാനുള്ളതല്ല. എനിക്ക് ഉത്തരവിടുകയാണിവർ. അത് അവന്റെ ഉപ്പാന്റെ ഖബറിൽ പോയി പറഞ്ഞാൽ മതി.
ഞാൻ അത്ര മോശക്കാരനല്ല. നല്ല അന്തസ്സുള്ള കുടുംബത്തിൽ പിറന്നവനാണ്. വല്യ മുതലാളിത്തമൊന്നും വേണ്ട. അടങ്ങിയൊതുങ്ങിനിന്നാൽ എല്ലാവർക്കും നല്ലത്. എനിക്ക് ഒന്നും നഷ്ടപ്പെടാനും നേടാനുമില്ല.
ഞാൻ ഷംസീറിനെ മൈൻഡ് ചെയ്യാറില്ല. സുധാകരനെ ഇപ്പോൾ വിളിച്ചുവച്ചിട്ടേയുള്ളൂ. സുധാകരനെ കണ്ടിട്ടാണ് എനിക്ക് കോൺഗ്രസിനോട് ആഭിമുഖ്യമുള്ളത്.
മുഖ്താർ അബ്ബാസ് നഖ്‌വിയെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നു മാറ്റിച്ചത് ഞാനാണ്. കേയീ റുബാത്തിന്റെ 5,000 കോടിക്ക് നോക്കീട്ടാണത്. 6,000 കോടിയുടെ അനുമതി നൽകിയാൽ ആയിരം കോടി എടുക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.
തലശ്ശേരിയിൽ മൂസക്കേയി (മക്കയില്‍) ഉണ്ടാക്കിയ സത്രം റോഡ് വികസനത്തിനു വേണ്ടി പൊളിച്ചിരുന്നു. അതിന്റെ പൈസ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്. അതിന്റെ ഇപ്പോഴത്തെ മൂല്യം 6,000 കോടിയാണ്. കേയിന്റെ അവകാശികളെ കേന്ദ്ര സർക്കാർ സർട്ടിഫൈ ചെയ്തു കൊടുത്താൽ ആ പണം അവർക്കു റിലീസ് ചെയ്തുകൊടുക്കും.
എന്നാൽ, 1,000 കോടി നൽകിയാൽ അതിൽ തീരുമാനമുണ്ടാക്കിക്കൊടുക്കാമെന്ന് മുഖ്താർ അബ്ബാസ് നഖ്‌വി ഇവിടത്തെ ആളുകൾക്ക് ഉറപ്പുനൽകി. ആ ഒറ്റക്കാരണത്തിലാണ് അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിൽനിന്നു മാറ്റിയത്. അതിന് എനിക്ക് കൃഷ്ണദാസിന്റെയും മറ്റാരുടെയും സഹായം വേണ്ടതില്ല. എനിക്ക് എന്റേതായ വഴിയുണ്ട്. നാസർ മാഷെക്കാളും നല്ല ഇന്ത്യൻ പൗരനാണ് ഞാൻ.
ഇസ്‌ലാമിക രാജ്യം മനസിൽ കൊണ്ടുനടക്കുന്നവരാണ് ഇവർ. അത് കക്കൂസിൽ ഇരുന്ന് ബീഡിയും വലിച്ച് സ്വപ്‌നം കണ്ടോളാൻ പറയണം.
Summary: Panoor municipal secretary A Praveen, who had committed racial abuse against Muslims, was transferred to Mananthavadi amid strong protests.