പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; പ്രതി രാഹുൽ ഇന്ത്യയിലെത്തി
|ഡൽഹി വിമാനത്താവളത്തിൽ നിന്ന് എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു
കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുൽ ഇന്ത്യയിലെത്തി. പന്തീരങ്കാവ് പൊലിസിൻ്റെ നിർദേശ പ്രകാരം ഡൽഹി വിമാനത്താവളത്തിൽ നിന്ന് എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.
ഹൈക്കോടതിയിൽ ഹാജരാകുന്നതുവരെ നടപടി ഉണ്ടാകരുതെന്ന ഉത്തരവിനെ തുടർന്നാണ് വിട്ടയച്ചത്. കേസ് ഈ മാസം 14ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
നേരത്തെ ഭർത്താവിനും ഭർതൃകുടുംബത്തിനും പൊലീസിനുമെതിരെ പരാതിയുന്നയിക്കുകയും രഹസ്യമൊഴിയുൾപ്പെടെ നൽകുകയും ചെയ്ത യുവതി പിന്നീട് മലക്കംമറിഞ്ഞിരുന്നു. കുറ്റബോധം കൊണ്ടാണ് സത്യങ്ങൾ വെളിപ്പെടുത്തുന്നതെന്ന് വ്യക്തമാക്കി യുവതി യൂട്യൂബ് വീഡിയോയിലൂടെ രംഗത്തെത്തി.
വീട്ടുകാരുടെ സമ്മർദം മൂലമാണ് താൻ നേരത്തെ അങ്ങനെയൊക്കെ പറഞ്ഞതെന്നും പ്രശനം വഷളാക്കിയത് ബന്ധുക്കളാണെന്നും ഭർത്താവ് രാഹുലിന്റെ ഭാഗത്തുനിന്നും സ്ത്രീധനം സംബന്ധിച്ച ചർച്ചകളുണ്ടായിട്ടില്ലെന്നും യുവതി വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. തനിക്ക് പരാതിയില്ലെന്ന് പന്തീരങ്കാവ് പൊലീസിനോട് പറഞ്ഞതാണെന്നും രാഹുലിന്റെ കൂടെ പോകണമെന്നാണ് താൻ നിലപാടെടുത്തതെന്നും എന്നാൽ അച്ഛന്റെ സമ്മർദം മൂലമാണ് കുടുംബത്തോടൊപ്പം പോയതെന്നും യുവതി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ വീട്ടുകാർ യുവതിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ല. ഇതേ തുടർന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. . അന്വഷണം നടക്കവെ വീണ്ടും യൂട്യൂബ് വീഡിയോയുമായി യുവതി രംഗത്തെത്തി. തന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും വീട്ടിലെ സമ്മർദം മൂലമാണ് മാറിനിൽക്കുന്നതെന്നും വ്യക്തമാക്കി.
ഇതിനിടെ യുവതി ഡൽഹിയിൽ ഉണ്ടെന്ന സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യാത്രാവിവരങ്ങൾ ശേഖരിച്ച്. യുവതി കൊച്ചിയിലേക്ക് വരുന്ന കാര്യം അറിഞ്ഞ പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടുകാർക്കൊപ്പം പോകില്ലെന്നും ഡൽഹിയിലേക്ക് തിരിച്ചുപോകുന്നുവെന്നും യുവതി കോടതി അറിയച്ചതോടെ വിട്ടയച്ചിരുന്നു.