പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: മകളെ കാണാനില്ലെന്ന് പിതാവ്; പൊലീസ് കേസെടുത്തു
|നേരത്തെയുള്ള പരാതി തിരുത്തി പെൺകുട്ടി രംഗത്തെത്തിയിരുന്നു
പറവൂർ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ കാണാനില്ലെന്ന് പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. പറവൂർ വടക്കേക്കര സ്റ്റേഷനിലാണ് പിതാവ് പരാതി നൽകിയത്. നേരത്തെയുള്ള പരാതി തിരുത്തി പെൺകുട്ടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയത്.
രണ്ടുദിവസമായി പെൺകുട്ടിയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും മൊഴിമാറ്റിയത് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും പിതാവ് മീഡിയവണിനോട് പറഞ്ഞിരുന്നു. പെൺകുട്ടി ജോലി സ്ഥലത്താണെന്നും ഇന്നലെ മുതൽ ഫോണിൽ ബന്ധപ്പെടാൻ സാധിക്കില്ലെന്നും കുടുംബം പറയുന്നു. ജോലി സ്ഥലത്ത് നിന്നാണ് വീഡിയോ ചെയ്തിരിക്കുന്നതെന്നും പെൺകുട്ടിയുടെ അച്ഛൻ ഹരിദാസ് പറഞ്ഞു. ഓഫീസിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് മകൾ ജൂൺ മൂന്ന് മുതൽ അവധിയിലാണെന്ന് മനസിലായതെന്നും പിതാവ് പറഞ്ഞു.
ഭർത്താവ് രാഹുലിനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് യുവതി യൂട്യൂബ് വീഡിയോയില്‍ പറയുന്നു. സ്ത്രീധന പീഡന ആരോപണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്നും കുറ്റബോധം കൊണ്ടാണ് തുറന്നു പറയുന്നതെന്നും പെൺകുട്ടി വീഡിയോയിൽ പറഞ്ഞു.
'സമ്മർദം കൊണ്ടാണ് മൊഴി നൽകിയത്.അഭിഭാഷകൻ പറഞ്ഞത് അനുസരിച്ചാണ് 150 പവൻ സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് ആരോപണം ഉന്നയിച്ചത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. താൻ ബ്രെയിൻ വാഷ് ചെയ്യപ്പെട്ടു. ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുടെ മുന്നിലാണ് മാധ്യമങ്ങൾക്ക് മുന്നിലും പൊലീസിലും ആരോപണം ഉന്നയിച്ചത്'. പശ്ചാത്തപിക്കുന്നുവെന്നും ഖേദിക്കുന്നുവെന്നും പെൺകുട്ടി വീഡിയോയില്‍ പറഞ്ഞു.