'സ്വഭാവ വൈകൃതങ്ങൾ മൂലമാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്'; രാഹുലിനെതിരെ ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം
|രാഹുലിന്റെ അമിത 'കെയറിങ്' കാരണമാണ് വിവാഹം മുടങ്ങിയതെന്ന് സഹോദരി മീഡിയവണിനോട്
കോട്ടയം: പന്തീരാങ്കാവ് നവവധുവിനെ ആക്രമിച്ച കേസിലെപ്രതി രാഹുൽ സ്വഭാവ വൈകൃതങ്ങളുള്ളയാളാണെന്ന് ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം. ഇത് കാരണമാണ് വിവാഹത്തിൽ നിന്ന് പിൻമാറിയത്. കോട്ടയം പൂഞ്ഞാർ സ്വദേശിയായ പെൺകുട്ടിയുമായാണ് രാഹുലിൻ്റെ വിവാഹം ആദ്യം നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയത്തിന് ശേഷം അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും കുടുംബം ആരോപിച്ചു. പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതിൽ പോലും രാഹുൽ ചോദ്യം ചെയ്തു. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം, രാഹുൽ പൂഞ്ഞാർ സ്വദേശിയായ യുവതിയുമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നതായി സഹോദരി മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ വർഷമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാൽ രാഹുലിന്റെ അമിത കെയറിങ് കാരണമാണ് വിവാഹം മുടങ്ങിയതെന്നും സഹോദരി പറഞ്ഞു.
'2024 മെയ് അഞ്ചിനാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.യുവതിയെ വിദേശത്തേക്ക് കൊണ്ടുപോകാൻ വേണ്ടിയാണ് വിവാഹം നേരത്തെ രജിസ്റ്റർ ചെയ്തത്. വിവാഹത്തിൽ നിന്ന് കഴിഞ്ഞ മാസം യുവതി പിന്മാറുകയായിരുന്നു. തുടർപഠനമാണ് വിവാഹത്തിൽ നിന്ന് പിന്മാറുന്നതിന് കാരണമായി പറഞ്ഞത്. വിവാഹ ബന്ധം വേർപ്പെടുത്താൻ അപേക്ഷ നൽകിയിരുന്നു.'സഹോദരി പറഞ്ഞു.
'ഒന്നരലക്ഷത്തിന്റെ ഫോണും 20,000 രൂപയുടെ വാച്ചുമാണ് ആ പെൺകുട്ടിക്ക് വാങ്ങി നൽകിയത്.അവന് കെയറിങ് കുറച്ച് കൂടുതലാണ്. ഇപ്പോൾ കല്യാണം കഴിച്ച പെൺകുട്ടിക്ക് തന്നെ ഒരാഴ്ചക്കുള്ളിൽ അഞ്ചുജോടി ചെരിപ്പാണ് വാങ്ങി നൽകിയത്...' സഹോദരി പറഞ്ഞു.
ആദ്യവിവാഹം മുടങ്ങി വിഷമത്തിൽ രാഹുൽ രണ്ടാഴ്ച ഐ.സി.യുവിലായിരുന്നുവെന്നും സഹോദരി പറയുന്നു. 'വിവാഹത്തിന് ഒരു മാസം ബാക്കിയുള്ളപ്പോഴാണ് ആദ്യത്തെ പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറുന്നത്. കല്യാണക്കുറി വരെ അടിച്ചിരുന്നു. രണ്ടു പെൺകുട്ടിയെയും ഒരുദിവസമാണ് പെണ്ണ് കണ്ടത്. ദന്ത ഡോക്ടർ ആയതുകൊണ്ടാണ് പൂഞ്ഞാറിലെ പെൺകുട്ടിയെ കല്യാണം കഴിക്കാൻ തീരുമാനിച്ചതെന്നും സഹോദരി പറഞ്ഞു.
അതേസമയം, നവവധുവിനെ മർദിച്ച കേസിൽ പ്രതി രാഹുലിനായി പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ്ഇറക്കി. രാഹുലിന്‍റെ കുടുംബങ്ങളുടെ മൊഴി ഇന്ന് എടുക്കും. മർദനമേറ്റ യുവതിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും.പന്തീരങ്കാവ് പൊലീസിനെതിരെ വിമർശനം ഉയർന്നതൊടെ മേല്‍നോട്ട ചുമതല ഫറോക്ക് എസിപിക്ക് കൈമാറിയിരുന്നു. രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതി ചേർക്കണമെന്ന് യുവതിയുടെ അച്ഛൻ ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബം പറയുന്ന പോലെയുള്ള മർദനം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു.