പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; യുവതിയും ഭർത്താവും ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും
|ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
കൊച്ചി: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ യുവതിയും ഭർത്താവും ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ഉഭയസമത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിനിടെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതോടെയാണ് കോടതി ഇരുവരോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. എന്നാൽ കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം കാരണമാണ് പരാതി നൽകിയതെന്നും തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ഒത്തുതീർന്നതിനാൽ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസമാണ് പ്രതി രാഹുല്‍ ഇന്ത്യയിലെത്തിയത്. പന്തീരാങ്കാവ് പൊലീസിൻ്റെ നിർദേശ പ്രകാരം ഡൽഹി വിമാനത്താവളത്തിൽ നിന്ന് എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. ഹൈക്കോടതിയിൽ ഹാജരാകുന്നതുവരെ നടപടി ഉണ്ടാകരുതെന്ന ഉത്തരവിനെ തുടർന്നാണ് വിട്ടയച്ചത്.