Kerala
Rahul P Gopal
Kerala

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; മുഖ്യപ്രതി രാഹുലിനെ പിടികൂടാനാകാതെ പൊലീസ്

Web Desk
|
6 Jun 2024 1:22 AM GMT

പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ മുഖ്യപ്രതി രാഹുല്‍ പി.ഗോപാലിനെ പിടികൂടാനാകാതെ പൊലീസ്. വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെ മൂന്നാഴ്ച മുമ്പാണ് രാഹുല്‍‌ വിദേശത്തേക്ക് കടന്നത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

മേയ് പതിനൊന്നിനാണ് പന്തീരങ്കാവിലെ വീട്ടില്‍ നവവധു ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനത്തിനിരയായത്. മേയ് 12ന് പൊലീസ് ആദ്യം കേസെടുത്തത് ഗാര്‍ഹിക പീഡനത്തിന്. മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതിക്ക് മേല്‍ വധശ്രമം കൂടി ചുമത്തി.എന്നാല്‍ പൊലീസിന് പിടികൊടുക്കാതെ പ്രതി രാഹുല്‍ പി.ഗോപാൽ മുങ്ങി. കേസ് മുറുകുന്നെന്ന വിവരം ചോര്‍ത്തി നല്‍കിയതും പ്രതിയെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചതും കേസെടുത്ത അതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാല്‍ ആണെന്ന് പിന്നീട് കണ്ടെത്തി. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ബെംഗളൂരു വരെ റോഡ് മാര്‍ഗവും തുടര്‍ന്ന് വിമാനത്തിലും താന്‍ ജോലി ചെയ്യുന്ന ജര്‍മനിയിലേക്ക് രാഹുല്‍ കടക്കുകയായിരുന്നു. അതിനിടെ ഭാര്യയെ മര്‍ദിച്ചെന്ന് രാഹുലിന്റെ കുറ്റസമ്മതം.

പ്രതി ജര്‍മനിയിലുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ പിടികൂടാന്‍ പൊലീസ് ഇന്‍റര്‍പോളിന്‍റെ സഹായം തേടിയെങ്കിലും ഫലമുണ്ടായിട്ടില്ല. അതിനിടെ രാഹുലിന്‍റെ അമ്മയെയും സഹോദരിയെയും കേസിൽ പ്രതി ചേർത്തു . പ്രതിയെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിന് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.



Similar Posts