Kerala
Panthirankav domestic violence case
Kerala

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രശ്നം വഷളാക്കിയത് ബന്ധുക്കളെന്ന് യുവതി

Web Desk
|
12 Jun 2024 12:07 PM GMT

'രാഹുലിനെ വിട്ട് പോകാൻ തനിക്ക് താല്പര്യമുണ്ടായിരുന്നില്ല'

കോഴിക്കോട്: വീണ്ടും വീഡിയോയുമായി പന്തീരാങ്കാവ് കേസിലെ പെൺകുട്ടി രം​ഗത്ത്. ഭ‍ർത്താവ് രാഹുലിന്റെ ഭാഗത്തുനിന്ന് സ്ത്രീധനം സംബന്ധിച്ച ചർച്ചകൾ ഉണ്ടായിട്ടില്ല. കുടുംബം താല്പര്യമെടുത്താണ് സ്ത്രീധനം അങ്ങോട്ട് നൽകാമെന്ന് പറഞ്ഞത്. കല്യാണത്തിൽ‌ ബന്ധുക്കൾക്ക് അസൂയ ഉണ്ടായിരുന്നു. പ്രശ്നം വഷളാക്കിയത് ഇളയച്ഛനും ബന്ധുക്കളുമാണെന്ന് പെൺകുട്ടി പറഞ്ഞു.

'തനിക്ക് പരാതിയില്ല എന്ന് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസിനോട് പറഞ്ഞതാണ്. അതിനാലാണ് പൊലീസ് കേസെടുക്കാതിരുന്നത്. രാഹുലിന്റെ കൂടെ പോകണമെന്നാണ് താൻ നിലപാടെടുത്തത്. എന്നാൽ അച്ഛൻറെ സമ്മർദം മൂലമാണ് കുടുംബത്തിനൊപ്പം പോരേണ്ടിവന്നത്. രാഹുലിനെ വിട്ടു പോകാൻ തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. വീട്ടുകാരുടെ നിർബന്ധപ്രകാരം തന്നെ വലിച്ചുകൊണ്ടു പോവുകയാണ് ചെയ്തത്.'

'മാട്രിമോണിയിലൂടെ പരിചയപ്പെട്ട മറ്റൊരു വ്യക്തിയുമായി ഉണ്ടായ ചാറ്റിങ് സംബന്ധിച്ച തെറ്റിദ്ധാരണയിലാണ് രാഹുൽ മർദിച്ചത്. ബാത്റൂമിൽ വീണത് മൂലമാണ് തലയിൽ മുഴ ഉണ്ടായത്. ഇത് തങ്ങൾ തമ്മിൽ സംസാരിച്ചു തീർക്കുകയും ചെയ്തിരുന്നു'- പെൺകുട്ടി പറഞ്ഞു.

വീട്ടിൽ വന്നശേഷം എഴുതി തയ്യാറാക്കിയ നാലുപേജിൽ തന്നോട് ഒപ്പിടാൻ പറഞ്ഞു. ചാർജർ കേബിൾ വച്ച് കഴുത്ത് മുറുക്കി, ബെൽറ്റ് വെച്ച് അടിച്ചു തുടങ്ങിയ തെറ്റായ കാര്യങ്ങൾ അതിൽ ഉണ്ടായിരുന്നു. ഇത് വായിച്ച് അതുപോലെ പറയണമെന്ന് പറഞ്ഞു. ഈ നുണകൾക്ക് താൻ കൂട്ടുനിൽക്കില്ല എന്നും നല്ല വില കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞതാണ് എന്നാൽ തന്റെ കൂടെ ഒരാളും നിന്നില്ലെന്ന് യുവതി കൂട്ടിച്ചേർത്തു.

തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ് മാറി നിന്നത് താൻ സുരക്ഷിതയാണെന്നും യുവതി പറഞ്ഞു. വീട്ടുകാർ നിർബന്ധിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ സാധ്യതയുള്ളതിനാൽ തനിക്ക് പോലീസ് സംരക്ഷണം വേണം. മജിസ്ട്രേറ്റിന് മുമ്പിൽ തന്റെ മൊഴി രേഖപ്പെടുത്തണം. ഏത് നുണ പരിശോധനയ്ക്കും താൻ തയാറെന്നും യുവതി വീഡിയോയിൽ അറിയിച്ചു.

Related Tags :
Similar Posts