പാനൂർ ബോംബ് സ്ഫോടനം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി
|സുതാര്യവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.എം ഹസ്സൻ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി
തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസ്സൻ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. സുതാര്യവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഇടപെടണമെന്നാണ് പരാതിയിൽ പറയുന്നത്. തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രിയും സി.പി.എമ്മും വർഗീയവത്കരിക്കുകയും അക്രമവത്കരിക്കുകയും ചെയ്യുന്നുവെന്നും എം.എം.ഹസൻ ചൂണ്ടിക്കാട്ടി.
"സി.പി.എം ശക്തി കേന്ദ്രങ്ങൾ ബോംബ് നിർമാണത്തിന് കോപ്പ് കൂട്ടുന്നു. സി.ബി.ഐ അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. മുഖ്യമന്ത്രി ലാഘവത്തോടെയാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയിൽ നിന്ന് മനുഷ്യത്വ പരമായ സമീപനം പ്രതീക്ഷിക്കുന്നില്ല. വഴിപിഴച്ചു പോയ മകനെ തള്ളിപ്പറയുന്നത് പോലെ സി.പി.എം ഡി.വൈ.എഫ്.ഐ യെ തള്ളിപ്പറയുന്നു. അക്രമിക്കൂട്ടങ്ങൾ പോഷക സംഘടനകൾ അല്ലെങ്കിൽ പിരിച്ചുവിട്ടു കൂടേ"- എം.എം ഹസ്സൻ പറഞ്ഞു.
അതേസമയം, പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികളാണ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യ ഹരജി നൽകിയത്. അരുൺ, ഷെബിൻലാൽ, അതിൽ, സായൂജ്, അമൽ ബാബു എന്നീ പ്രതികളാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
സ്ഫോടനത്തിൽ പങ്കില്ലെന്നും സംഭവം കേട്ടറിഞ്ഞ് സ്ഥലത്തെത്തിയതാണെന്നുമാണ് പ്രതികളുടെ വാദം. കരിങ്കൽ ക്വാറിയിലേക്കായി എത്തിച്ച സ്ഫോടക വസ്തുക്കൾ പ്രതികൾക്ക് ലഭിച്ചതായി സൂചനയുണ്ട്. വെടിമരുന്ന് സമാഹരിച്ചതെങ്ങനെയെന്നതിലെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.