പപ്പാ ആ ബോര്‍ഡ് ഇളക്കി മാറ്റൂ, ഒരു ചാക്ക് കൊണ്ടെങ്കിലും മറയ്ക്കൂ; മരിക്കും മുന്‍പ് അഭിരാമി പറഞ്ഞു
|അഭിരാമിയുമായി ഇന്നലെ ബാങ്കിൽ പോയിരുന്നുവെന്ന് അജി മീഡിയവണിനോട് പറഞ്ഞു
കൊല്ലം: മകള്‍ അഭിരാമി മരിച്ചത് ജപ്തി ബോർഡ് കണ്ടതോടെ അപമാനിതയായെന്ന തോന്നലിലാണെന്ന് പിതാവ് അജി. അഭിരാമിയുമായി ഇന്നലെ ബാങ്കിൽ പോയിരുന്നുവെന്ന് അജി മീഡിയവണിനോട് പറഞ്ഞു.
''ഞങ്ങള്‍ മൂന്നു പേരുമാണ് ബാങ്കില്‍ പോയത്. അന്നേരം മാനേജരെ കണ്ടില്ല. തിരിച്ചുവന്ന് ബോര്‍ഡ് കണ്ടപ്പോള്‍ മോള്‍ക്ക് വിഷമം കൂടി. പപ്പാ അത് ഇളക്കി മാറ്റെന്ന് അവള് പറഞ്ഞു. മാറ്റണ്ട മോളെ..സര്‍ക്കാര്‍ കൊണ്ടുവച്ച ബോര്‍ഡ് മാറ്റാന്‍ നമുക്ക് അവകാശമില്ലെന്ന് ഞാന്‍ പറഞ്ഞു. വീണ്ടും ഞാന്‍ ബാങ്കില്‍ പോയി മാനേജരെ കണ്ടു. 2,50000 രൂപ കുടിശികയുണ്ടെന്ന് മാനേജര്‍ പറഞ്ഞു. വീട് വിറ്റിട്ടാണെങ്കിലും തീര്‍ക്കാമെന്ന് ഞാന്‍ മറുപടി നല്കി. പേപ്പറില്‍ ഒപ്പിടാനായി മൊബൈല്‍ നമ്പര്‍ വേണമായിരുന്നു. നമ്പര്‍ കാണാതെ അറിയില്ലാത്തതുകൊണ്ട് വീട്ടില്‍ മൊബൈലടുക്കാന്‍ വന്നു. അപ്പോള്‍ വീടിനു മുന്നില്‍ ജനക്കൂട്ടം. എന്റെ മോള് പോയി...'' അജി ഹൃദയം നുറുങ്ങുന്ന വേദനയോടെ പറഞ്ഞു.
കൊല്ലത്ത് വീട്ടിൽ ജപ്തിയുമായി ബന്ധപ്പെട്ട ബോർഡ് പതിപ്പിച്ചതിന് പിന്നാലെയാണ് ബിരുദ വിദ്യാര്‍ഥിനിയായ അഭിരാമി മരിച്ചത്. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് അഭിരാമി.നാലുവർഷം മുൻപ് അഭിരാമിയുടെ പിതാവ് അജി കേരള ബാങ്കിന്റെ ശൂരനാട് സൗത്ത് പാതാരം ബ്രാഞ്ചിൽ നിന്നും 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കോവിഡ് സമയത്ത് തിരിച്ചടവ് മുടങ്ങിയെങ്കിലും കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചതായി നാട്ടുകാർ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവർക്ക് നോട്ടീസ് നൽകി. തുടർ നടപടിയായാണ് ഇന്നലെ വൈകിട്ട് ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നോട്ടീസ് പതിപ്പിച്ചത്. കോളേജിൽ നിന്ന് എത്തിയ അഭിരാമിയെ പിന്നീട് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.