പാപ്പനംകോട് തീപിടിത്തം; മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ്
|സംഭവവുമായി ബന്ധപ്പെട്ട് സബ് കലക്ടർ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തുരം: പാപ്പനംകോട് തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചതിൽ സബ് കലക്ടർ മന്ത്രിക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കത്തിക്കരിഞ്ഞ മൃതദേഹങ്ങളിൽ ഒന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. ഇയാൾ മരിച്ച വൈഷ്ണയുടെ രണ്ടാം ഭർത്താവാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഒന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് ഇന്നലെ സബ്കലക്ടർ പറഞ്ഞത്. തീപിടിത്തത്തിൽ മരിച്ച വൈഷ്ണ രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ വിവാഹത്തിലേതാണ് രണ്ടു കുട്ടികൾ. നരുവാമൂട് സ്വദേശി ബിനുവാണ് രണ്ടാം ഭർത്താവ്. ഇയാളെയാണ് വൈഷ്ണയോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ബിനുവിനെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഇതിനായി മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തും. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച്, ബിനുവിനെ സംഭവം നടന്ന സമയത്തോട് അടുപ്പിച്ച് എപ്പോഴെങ്കിലും പാപ്പനംകോടിന് സമീപങ്ങളിൽ കണ്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. കൂടുതൽ പേരുടെ മൊഴിയെടുക്കാനും നീക്കമുണ്ട്.
വൈഷ്ണയും ബിനുവും വർഷങ്ങളായി അകന്നു താമസിക്കുകയായിരുന്നു. എന്നാൽ നിയമപരമായി വിവാഹമോചിതരല്ല. ബിനുവിന്റെ സുഹൃത്തായിരുന്നു വൈഷ്ണയുടെ ആദ്യ ഭർത്താവ്. ഇരു ബന്ധങ്ങളിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നുണ്ട്. മന്ത്രിക്ക് സമർപ്പിക്കാൻ ഇരിക്കുന്ന പ്രാഥമിക റിപ്പോർട്ടിൽ ഈ വിവരങ്ങളെല്ലാം ഉൾപ്പെടും. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനം പൂർണമായും കത്തിനശിച്ചു. ഇൻഷുറൻസ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു വൈഷ്ണ. 15 വർഷത്തോളമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.