അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഗവര്‍ണറെ കണ്ടു
|മരണശേഷവും മകളെ സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുന്നുവെന്നു പരാതി
കൊച്ചി: പരവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഗവര്‍ണറെ കണ്ടു. മരണശേഷവും മകളെ സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുകയാണെന്ന് അമ്മ പ്രസന്ന പറഞ്ഞു. സി.ബി.ഐ അന്വേഷണം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് അനുവദിക്കുമ്പോഴേക്കും തെളിവുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന് ഭയമുണ്ടെന്ന് കുടുംബം പറഞ്ഞു.
രണ്ടുപേര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും കേസിലെ ക്രിമിനല്‍ ഗൂഢലോചന പുറത്തുകൊണ്ടുവരണം. കുറ്റാരോപിതര്‍ക്കായി പുതിയ തെളിവുകള്‍ ഉണ്ടാക്കാന്‍ സമയം നല്‍കരുത്. മരണശേഷവും മകള്‍ക്കെതിരെ അപവാദപ്രചാരണങ്ങള്‍ നടക്കുന്നു. സാക്ഷികള്‍ ഭീഷണിക്ക് വിധേയരാകുന്നത് തടയണം. വകുപ്പുതല അന്വേഷണമെന്ന പേരില്‍ വന്നത് മുന്‍വിധിയോടെയുള്ള റിപ്പോര്‍ട്ടാണ്, ഇത് തള്ളിക്കളയണം. ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് അനീഷ്യയുടെ മാതാപിതാക്കള്‍ ഗവണര്ണറെ രാജ്ഭവനിലെത്തി കണ്ടത്. ഒട്ടും വൈകാതെ സി.ബി.ഐ അന്വേഷണം വേണമെന്ന് അനീഷ്യയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയ ശേഷം വേഗത്തില്‍ ഇടപെടാമെന്ന് ഗവണര്‍ ഉറപ്പുനല്‍കിയതായി അമ്മ പ്രസന്ന പറഞ്ഞു.
കഴിഞ്ഞ ജനുവരി 21നാണ് അനീഷ്യ ആത്മഹത്യ ചെയ്തത്. മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. 19 പേജുള്ള ആത്മഹത്യാ കുറിപ്പും ആറ് ശബ്ദസന്ദേശങ്ങളും അനീഷ്യയുടെ മരണശേഷം കണ്ടെടുത്തിരുന്നു. എന്നിട്ടും പൊലീസും ക്രൈംബ്രാഞ്ചും കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കാരണത്തലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതും.
Summary: Paravur Judicial First Class Magistrate's Court Assistant Public Prosecutor Aneeshya's family meets Governor demanding CBI probe into her death