'പർദ ധരിച്ച സഹോദരിമാർ അന്നദാനം നടത്തുന്നു; ഹിന്ദു തീർത്ഥാടകർ സന്തോഷത്തോടെ വിശപ്പടക്കുന്നു'-കൊട്ടിയൂരിലെ 'കേരള സ്റ്റോറി' പങ്കുവച്ച് ജയരാജൻ
|'സംഘ്പരിവാറിനും ഇസ്‌ലാമിക സംഘ്പരിവാറിനും പിടിച്ചെടുക്കാൻ പറ്റാത്ത ദൂരത്തിലാണ് ഈ നാടിലെ മനുഷ്യരുടെ മതമൈത്രിയും മാനവികബോധവും. അതിനു കോട്ടംവരാതെ കാക്കുന്നതാവട്ടെ എല്ലാ ആഘോഷങ്ങളും.'
കണ്ണൂർ: കൊട്ടിയൂർ ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്ന മുസ്‌ലിം സ്ത്രീകളുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി സി.പി.എം നേതാവ് പി. ജയരാജൻ. പർദ ധരിച്ച സഹോദരിമാർ ഉൾപ്പെടെയുള്ള വളണ്ടിയർമാരാണ് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകർക്ക് അന്നദാനം നടത്തുന്നത്. വിശ്വാസികളായ തീർത്ഥാടകർ സന്തോഷത്തോടുകൂടിത്തന്നെ വിശപ്പടക്കുന്നു. മതവും വിശ്വാസവും മാനവികതയിലും സാഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്ന രംഗമാണിതെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപ്പുഴയോരത്തെ ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രമാണ് കൊട്ടിയൂരിലേത്. ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരിൽ നെയ്യാട്ട മഹോത്സവം ആരംഭിച്ചിരിക്കുകയാണ്. ഇവിടെയാണ് മാനവികതയുടെയും മതമൈത്രിയുടെയും വലിയ സന്ദേശം നൽകി തീർത്ഥാടകർക്കുള്ള അന്നദാനം നടക്കുന്നത്. മറ്റു ക്ഷേത്രങ്ങളിൽനിന്ന് അരിയും പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുതകളുമെല്ലാം സംഭാവനയായി ഇവിടേക്ക് എത്തുന്നു. ഇസ്‌ലാം മതവിശ്വാസികളും അന്നദാനത്തിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും വളണ്ടിയർ സേവനങ്ങളും നൽകുന്നുണ്ടെന്നും ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും ജയരാജൻ കുറിച്ചു.
പി. ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
യഥാർത്ഥ കേരള സ്റ്റോറി
ഈ മുസ്‌ലിം മതവിശ്വാസികളായ സ്ത്രീകൾ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് കൊട്ടിയൂർ ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്കാണ്.
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപ്പുഴയോരത്തെ ഈ ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രം ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരിൽ നെയ്യാട്ട മഹോത്സവം ആരംഭിച്ചുകഴിഞ്ഞു.
മാനവികതയുടെയും മതമൈത്രിയുടേയും വലിയ സന്ദേശം കൂടി നൽകുകയാണ് ചിറ്റരിപ്പറമ്പ് പഞ്ചായത്തിലെ ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റിയും ഐ.ആർ.പി.സിയും ചേർന്ന് നടത്തുന്ന അന്നദാന വിശ്രമകേന്ദ്രത്തിലൂടെ. പർദ ധരിച്ച ഈ സഹോദരിമാർ ഉൾപ്പെടെയുള്ള വളണ്ടിയർമാരാണ് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകർക്ക് അന്നദാനം നടത്തുന്നത്. വിശ്വാസികളായ തീർത്ഥാടകർ സന്തോഷത്തോടുകൂടിത്തന്നെ വിശപ്പടക്കുന്നു. മതവും വിശ്വാസവും മാനവികതയിലും സാഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്നു.
മനുഷ്യനെ മതങ്ങളിൽ വിഭജിക്കുന്ന വർത്തമാന കാലത്ത്, ഹിന്ദുവിനെ രാഷ്ട്രീയ ഹിന്ദുത്വയിലേക്കും മുസ്‌ലിമിനെ പൊളിറ്റിക്കൽ ഇസ്ലാമിസത്തിലേക്കും വഴിമാറ്റാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത് വർഗ്ഗീയ രാഷ്ട്രീയത്തിന്റെ മുന്നിൽ മാനവികതയുടെ ബദൽമാർഗ്ഗം കാണുന്നതാണ് ഈ കാഴ്ച. സംഘ്പരിവാറിനും ഇസ്‌ലാമിക സംഘ്പരിവാറിനും പിടിച്ചെടുക്കാൻ പറ്റാത്ത ദൂരത്തിലാണ് ഈ നാടിലെ മനുഷ്യരുടെ മതമൈത്രിയും മാനവികബോധവും. അതിനു കോട്ടംവരാതെ കാക്കുന്നതാവട്ടെ എല്ലാ ആഘോഷങ്ങളും.
ഇവിടേക്ക് മറ്റു ക്ഷേത്രങ്ങളിൽനിന്ന് അരിയും പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുതകളുമെല്ലാം സംഭാവനയായി എത്തുന്നു. ഇസ്‌ലാം മതവിശ്വാസികളും അന്നദാനത്തിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും വളണ്ടിയർ സേവനങ്ങളും നൽകുന്നു. ഇതിന് നേതൃത്വം നൽകുന്നത് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റിയും ജീവകാരുണ്യ പ്രസ്ഥാനമായ ഐ.ആർ.പി.സിയും. ഈ ഏകോപനം കൂടിയാണ് യഥാർത്ഥ കേരള സ്റ്റോറി.
Summary: 'Sisters wearing Pardah serve food, Hindu pilgrims satiate their hunger happily'-CPM leader P Jayarajan shares the 'Kerala story' from Kottiyoor Maha Siva Temple